2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച

സിറിയയെക്കുറിച്ച് എഴുതാതിരിക്കാൻ എനിക്കാവില്ല .......

                       ബിസിനെസ്സ് കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന പിങ്ക്ബെർഗിൽ സിറിയക്കെന്തു സ്ഥാനം എന്നു നിങ്ങൾ ചിന്തിച്ചേക്കാം...പക്ഷേ ഒരു ബിസിനെസ്സ് ജേർണലിസ്റ്റ് ആകുന്നതിനു മുൻപേ തന്നെ ഒരു ജേർണലിസ്റ്റ് ആകണമെന്നുള്ള ആഗ്രഹമാണെന്നിലുണ്ടായത്.  അതിൽ സിറിയക്ക് നിർണായകമായ പങ്കുണ്ട്. കാരണം ഞാൻ കാര്യമായി 'ചിന്തിച്ചു' തുടങ്ങിയത് സിറിയയിലൂടെയാണ്...
              
                     കാര്യമായ വായനയോ വാർത്ത‍ കാണലോ 'ചിന്തകളോ' ഇല്ലാത്ത കാലം....കുറച്ചു വർഷങ്ങൾക്ക് മുൻപ്..... 'ലോകത്തിൽ നടക്കുന്നതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല'  എന്ന ശക്തമായ വിശ്വാസമായിരുന്നു  അന്ന്. ആ സമയത്താണ് സിറിയയെപ്പറ്റി വന്ന ഒരു വാർത്താശകലം വളരെ ആകസ്മികമായി വായിക്കാനിടവന്നത്.  ലോകത്തിൽ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനങ്ങൾ  നടക്കുന്ന രാജ്യം സിറിയ ആണെന്നും ഗവണ്‍മെന്റ് ഓഫീസുകളേക്കാൾ  കൂടുതൽ ജയിലുകളുള്ള രാജ്യമാണിതെന്നുമുള്ള വാർത്തകൾ കേട്ടപ്പോൾ ഞാൻ ഒന്നു 'ചിന്തിച്ചു'... പണ്ട് കുഞ്ഞു ക്ലാസ്സുകളിൽ ജി.കെ. ക്കു വേണ്ടി പഠിക്കുമ്പോൾ 'ഏറ്റവും വലിയ രാഷ്ട്രം, സമ്പന്ന രാഷ്ട്രം' തുടങ്ങിയ മാനദണ്ഡങ്ങളിലേ രാജ്യങ്ങളെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നുള്ളൂ. ഇതൊരു വ്യത്യസ്തമായ കണക്കായി എനിക്കു തോന്നി. പിന്നെ എന്റെ ചിന്താമണ്ഡല ത്തിൽ  നിന്നു സിറിയ പോയിട്ടേയില്ല... എന്റെ 'ചിന്തകൾ'  സിറിയക്ക് ചുറ്റുമായി... എന്തുകൊണ്ടാകം ഇങ്ങനെ??? 

             1944 ഇൽ ഫ്രാൻസിന്റെ അധീനതയിൽ നിന്ന് സ്വതന്ത്രയായെങ്കിലും  അസദ് കുടുംബത്തിന്റെ അടിച്ചമർത്തൽ ഭരണത്തിൽ ശ്വാസം മുട്ടുന്ന സിറിയയിലെ   ആളുകൾ,  പിന്നീട്  എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു. പത്രത്തിലും വാർത്തകളിലും  സിറിയയെപ്പറ്റി  വന്നാൽ അത് പെട്ടന്ന് എന്റെ കണ്ണിലും കാതിലും എത്തി. ഹാഫിസ് അൽ അസദും മകൻ ബാഷർ അൽ  അസദും എന്റെ ഏറ്റവും വലിയ ശത്രുക്കളായി മാറി....

                        സിറിയയെപ്പറ്റി അറിഞ്ഞു തുടങ്ങിയപ്പോഴാണ് ഈ സമാന സ്ഥിതി മറ്റു  രാജ്യങ്ങളിലും ഉണ്ടെന്നു മനസിലായത്. ഏകാധിപത്യ ഭരണത്തിൽ ശ്വാസം കിട്ടാതെ പിടയുന്ന ജനങ്ങൾ ടൂണീഷ്യയിലും  ഈജിപ്തിലും   യെമനിലും ലിബിയയിലും തുടങ്ങി ഒരുപാടു രാജ്യങ്ങളിലുണ്ടെന്ന്. നാമമാത്ര ജനാധിപത്യമുണ്ടെങ്കിലും ഭീകര പ്രവർത്തനങ്ങളുടെ പിടിയിലമർന്ന അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും 'സിറിയാൻ ചിന്തകൾ' തെളിച്ച വെളിച്ചത്തിലൂടെ എന്റെ ചിന്താമണ്ഡലത്തിലേക്ക് വന്നു. ലോകത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി റോയിട്ടേ ഴ്സ് പാകിസ്ഥാനെ കണ്ടെത്തിയപ്പോൾ എനിക്കത്ഭുതമൊന്നും തോന്നിയില്ല. 90% പാക്‌ സ്ത്രീകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നൂ എന്നു കേട്ടപ്പോഴും......


                                       ഉത്തരാഫ്രിക്കയിലെ ടൂണീഷ്യയിൽ ഭരണാധികാരികളുടെ അടിച്ചമർത്തലിൽ അളമുട്ടിയ ജനങ്ങളുടെ തിരിച്ചറിവുകളും ഉയർത്തെഴുന്നേൽപ്പും 'ജനാധിപത്യ'ത്തിന്റെ കൊടുങ്കാറ്റായി ടൂണീഷ്യയിൽ ആഞ്ഞടിച്ചു തുടങ്ങിയപ്പോൾ അവർക്കൊപ്പം ഞാനും സന്തോഷിച്ചു.. 42  വർഷത്തെ  ഗദ്ദാഫിയുടെ ഭരണ ഭീകരതക്കെതിരെ ലിബിയൻ ജനങ്ങളും തെരുവിലിറങ്ങി.  30 വർഷത്തെ ഹുസ്നി മുബാറക്കിന്റെ ജനവിരുദ്ധ ഭരണത്തെയും ജനങ്ങൾ തെരുവിലിറങ്ങി ചോദ്യം ചെയ്തു.
             
            മുല്ലപ്പൂ വസന്തം എന്ന   പേരിൽ അറബ് രാജ്യങ്ങളിലെത്തിയ ഈ ജനാധിപത്യ സമരങ്ങളിൽ ബിൻ അലിയും മുബാറക്കും  എല്ലാം സ്ഥാനഭ്രഷ്ടരാകുകയും ജനങ്ങളും ജനാധിപത്യവും  വിജയിക്കുകയും ചെയ്തു.   തെരുവിൽ ക്രൂരമായി ഗദ്ദാഫി    കൊല്ലപ്പെട്ടു.

                          ഈ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ മാറ്റൊലികൾ അലയടിച്ചപ്പോൾ 2011 ഇൽ 'എന്റെ' സിറിയൻ ജനങ്ങളും തെരുവിലിറങ്ങി.പക്ഷെ കുടുംബാധിപത്യത്തിനെതിരെ  ജനങ്ങളുടെ   രോക്ഷം വർദ്ധിക്കുന്നത്തിനനുസരിച്ചു നേതാക്കളുടെ തിരിച്ചടികളും വർദ്ധിക്കുകയാണുണ്ടായത്.   അറബ് വസന്തത്തിൽ വിരിഞ്ഞ ജനാധിപത്യത്തിന്റെ മുല്ലപ്പൂക്കൾ സിറിയയിൽ വിരിഞ്ഞില്ലെന്ന് മാത്രമല്ല, സിറിയയുടെ വരണ്ട മണ്ണിൽ ആ മുല്ലച്ചെടി മുളച്ചുവന്നുപോലുമില്ല. സിറിയയിൽ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം ലക്ഷത്തിൽ  എത്തുന്നത് നിസാരമായി മാധ്യമങ്ങൾ പറയുമ്പോൾ ഞാൻ വളരെയേറെ ദുഖിച്ചു. സിറിയയുടെ പേരിൽ ലോകരാഷ്ട്രങ്ങൾ രണ്ടായി   തിരിയുന്നതു പോലും പിന്നീട് കാണേണ്ടതായിവന്നു. അമേരിക്കയും ബ്രിട്ടനും ഇസ്രെയേലും സൗദി അറേബ്യയും എല്ലാം സിറിയക്കൊപ്പം നിന്ന് വിമതർക്ക് പോരാടാനുള്ള ആയുധങ്ങളും മറ്റും നൽകി. റഷ്യയും ചൈനയും ഇറാഖുമെല്ലാം ബാഷ റിനോപ്പവും നിന്നു.  ബാഷർ എന്ന പിശാചിന്റെ സൈന്യാധിപന്റെ ഹൃദയം തിന്നുന്ന  'അബു സാക്കറെ' എന്ന വിമത നേതാവിന്റെ ചിത്രം പുറത്തുവന്നപ്പോൾ ആരുടെകൂടെയാണ് നിൽക്കേണ്ടതെന്നുപോലും  ഞാൻ സംശയിച്ചുപോയി.

                        ജനാധിപത്യത്തിന്റെ മഹത്വത്തെപ്പറ്റി ചിന്തിച്ചപ്പോൾ എന്റെ 'ചിന്തകൾ' ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ എന്റെ ഇന്ത്യയിലേക്ക് വന്നു.74%ഗ്രാമീണർക്കും 50% നഗരവാസികൾക്കും ഉൾപ്പെടെ 67% ആളുകൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാൻ 72.6 ദശലക്ഷം ടണ്‍  ധാന്യവും 1.2 ലക്ഷം കോടി രൂപ മാത്രവും ആവശ്യമായി വരുന്ന കണക്കുകൾ കേട്ടപ്പോൾ 2G അഴിമതി എന്ന  പേരിൽ 1.76 ലക്ഷം കോടിയും കൽക്കരി കുംഭകോണമെന്ന പേരിൽ 1.86 ലക്ഷം കോടിയും ഒന്നോ രണ്ടോ ആളുകളുടെ പോക്കറ്റിലേക്ക് പോയ  ജനാധിപത്യത്തിന്റെ  വിരോധഭാസമോർത്ത് എന്റെ 'ചിന്തകൾ' നിരാശപ്പെട്ടു. ഈജിപ്തിൽ വാടിക്കരിഞ്ഞുപോയ ജനാധിപത്യത്തിന്റെ മുല്ലപ്പൂക്കൾ വീണ്ടും നിലത്തിട്ട് ചവിട്ടിയരക്കപ്പെട്ടതും എന്നെ നിരാശപ്പെടുത്തി. ലോക രാജ്യങ്ങളെ സമാധാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുന്ന  GPI ( GLOBAL PEACE INDEX ) ഇൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും സിറിയക്കുമൊക്കെ തൊട്ടടുത്തു വന്ന്  ഇന്ത്യ, പട്ടികയുടെ അവസാന ഭാഗത്ത് കുരുങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.

                         നാസി കോണ്‍സെൻ ട്രേഷൻ ക്യാമ്പുകളിലും സദ്ദാം ഹുസ്സൈൻ കുർദ്ദുകൾക്കെതിരേയും ഉപയോഗിച്ച വിഷവാതകമായ 'സരിൻ' ആണിപ്പോൾ  സിറിയൻ സൈന്യം ഡമാസ്കസിലേക്ക് തുറന്നു വിട്ടത്. നിരവധി കുഞ്ഞുങ്ങളെ  കൊലപ്പെടുത്തിയ ഈ ആക്രമണത്തിന്റെ അകെ മരണ സംഖ്യ രണ്ടായിരത്തോളമാണ്. പത്തു ലക്ഷത്തോളം കുഞ്ഞുങ്ങളാണ് സിറിയയിൽ ഇതു വരെ അഭയാർഥികളായത്. ഇരുപതു ലക്ഷം കുട്ടികൾ വിവിധ സൈന്യത്തിലും ചേരാൻ നിർ ബന്ധിതരായി.

                ഇതൊക്കെ കൊണ്ട് സിറിയയെ പറ്റി ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല.ലോകരാജ്യങ്ങളെ പറ്റി ചിന്തിച്ച് തുടങ്ങാൻ എനിക്ക്  സിറിയയാണ്  ഒരു നിമിത്തമായത്. ചിലപ്പോൾ ഞാനൊരു ജേർണലിസ്റ്റ് ആവാൻ കാരണമായതും  'സിറിയ'യായിരിക്കും ......

             ഇനി പിങ്ക്ബെർഗിനു  വേണ്ടി.......

                                                                        സിറിയയിലെ ആഭ്യന്തര കലാപങ്ങൾ നമ്മുടെ രാജ്യത്തു വരുത്തുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതല്ല. നമ്മുടെ CAD കുറയണമെങ്കിലും രൂപ കരകയറണമെങ്കിലും കയറ്റുമതി കൂടിയേ തീരൂ...  അരി, സുഗന്ധ വ്യഞ്ജനങ്ങൾ,തേയില തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യ ധാരാളമായി സിറിയയിലേക്ക് കയറ്റിയയച്ചിരുന്നു. ഇപ്പോൾ അവയുടെ വിപണി കലാപത്തിന്റെ കരിനിഴലിലാണ്. ഇതുപോലെ ഉലുവ,മഞ്ഞൾ,ജീരകം,എള്ള്, തുടങ്ങിയവ വൻതോതിൽ ഈജിപ്തിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഈജിപ്തിലെ ആഭ്യന്തര കലാപം മൂലം ഇവയുടെ കയറ്റുമതിയിൽ 50% കുറവാണ് ഇപ്പോൾ നേരിടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള വിപണിയിലെ നിർണായക സാന്നിധ്യമായ സിറിയയിലെ പ്രശ്നങ്ങൾ  നമ്മുടെ രൂപയേയും വിപണിയേയുമെല്ലാം സാരമായി ബാധിക്കുന്നുണ്ട്.










2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഉള്ളിയെ ഓർത്ത് ഇനി കരയേണ്ട ....




               
             ഉള്ളി അരിഞ്ഞപ്പോൾ മാത്രം കരഞ്ഞിരുന്നവർ ഉള്ളി എന്നു കേൾക്കുമ്പോൾ തന്നെ കരയുകയാണ്. നൂറു രൂപ കൊടുത്ത് വാങ്ങുന്ന ഉള്ളിയിൽ കത്തി വെക്കുമ്പോൾ എങ്ങനെ കരയാതിരിക്കും ???? എന്നാൽ ഉള്ളിയെ ഓർത്ത് ഇനി കരയേണ്ട...
    ഉള്ളി വില കുറയും എന്നല്ല ഈ പറഞ്ഞു വരുന്ന കരച്ചിൽ നിർത്തലാഹ്വാനത്തിന്റെ അർത്ഥം. 
        ബിസിനെസ്സ് ഡെയിലികളൊക്കെ പറയുന്നതുപോലെ ഉള്ളിക്ക് പകരമായി ഇനി സ്റ്റോക്ക് എക്സേഞ്ചിനെ  ഓർത്ത് കരയൂ എന്നൊന്നും  പറയുന്നില്ലെങ്കിലും എന്തിനെയോർത്താണ്  ഇനി കരയെണ്ടാത്തത്  എന്നു പറയാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് ഇപ്പോൾ ഞാൻ തന്നെ കരഞ്ഞുപോകം.....

             പക്ഷെ സ്റ്റോക്ക് എക്സേഞ്ചിനെ ഓർത്തു കരയാതിരിക്കാൻ ബിസിനെസ്സ് ഡെയിലികളോട് പറയാൻ എനിക്കാവില്ലല്ലോ.... നാലു വർഷത്തെ ഏറ്റവും വലിയ താഴ്ച്ചയിലേക്ക് ഓഹരി വിപണി കൂപ്പുകുത്തുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാൻ (റിസർവ് ബാങ്കിനേയും ധനകാര്യ മന്ത്രാലയത്തെയും പോലെ )അവർക്കാവില്ല. അവരു കരയട്ടെ....സെൻസെക്സും നിഫ്റ്റിയും  റെക്കോർഡ് താഴ്ച്ചയിൽ, രാജ്യത്തെ ലിസ്റ്റെഡ് കമ്പനികളുടെ   ഓഹരി മൂല്യം 98500 കോടി രൂപയിലേക്ക് താഴ്ന്നു....ഇങ്ങനെ എണ്ണിയെണ്ണി പറഞ്ഞ് കരയട്ടെ...ഒരു ലക്ഷം കോടിയിലേറെ  ഓഹരി മൂല്യമുള്ള  14 വിപണികളിലൊന്നായിരുന്നു ഇന്ത്യയെന്നോർത്ത് അവരല്ലാതെ ഉന്നതങ്ങളിൽ നിന്നൊരു നിലവിളി ഉണ്ടാകുമെന്ന്  പോലും തോന്നുന്നില്ല.ഒരൊറ്റ ദിവസം കൊണ്ട് മാത്രം 700 കോടിയോളം രൂപയൊക്കെ ഒറ്റയടിക്ക് വിദേശധന കാര്യ സ്ഥാപനങ്ങൾ  പിൻവലിച്ചുകൊണ്ട് പോകമ്പോൾ "അയ്യോ അച്ഛാ കൊണ്ടുപോകല്ലേ  അയ്യോ അച്ഛാ കൊണ്ടുപോകല്ലേ" എന്ന് വിളിച്ചു കരഞ്ഞാൽ തന്നെ ആരു കേൾക്കാൻ????? 

           യൂറോപ്യൻ യൂണിയന്റെയും അമേരിക്കയുടെയും സാമ്പത്തിക ഉണർവ് ഏറ്റവും കൂടുതൽ ബാധിച്ചത് ദക്ഷിണാഫ്രിക്കയേയുംമറ്റു ഏഷ്യൻ രാജ്യങ്ങളേയുമാണെന്ന് ചിദമ്പരത്തെപ്പോലെ  അശ്വസിച്ചിരിക്കാൻ ഇനി നമുക്കാവില്ല. ഇന്ത്യൻ രൂപക്കേറ്റ ആഘാതം 13%ൽ എത്തിയതോടെ ദക്ഷിണാ ഫ്രിക്കൻ റാ ൻഡിനേക്കാൾ രൂപ തളർന്നു. എറ്റവും കൂടുതൽ അധിക ഭാരവും ഓഹരി വിപണിയിലെ കനത്ത നഷ്ടവും കാരണം എന്തു ചെയ്യണമെന്നറിയാതെ കരയുന്ന ബാങ്ക് ഓഹരികളുടെ വായിൽ വെച്ചു കൊടുക്കാൻ ഒരു അശ്വാസത്തിന്റെ പാൽ പാത്രവും റിസർവ് ബാങ്കിന്റെ കയ്യിലോ ചിദമ്പരത്തിന്റെ കയ്യിലോ ഇല്ല. കരച്ചിലടക്കാൻ പാടുപെടുന്ന ഓട്ടോമൊബൈൽ ഒഹരികൾക്ക് ബജാജിന്റെ അത്രയും നഷ്ടം തങ്ങൾക്ക് സംഭവിച്ചിട്ടില്ലല്ലോ  എന്നോർത്ത് ആശ്വസിക്കാൻ പറ്റുമോ??

         70 ൽ തൊടാൻ   വെമ്പി താഴേക്ക് പായുന്ന രൂപയെ കടിഞ്ഞാണിട്ട്പിടിച്ചു നിർത്താൻ എനിക്കറിയില്ലെങ്കിലും  CAD കുറച്ച് ഇതിനെ നിലക്കു നിർത്തണമെന്നൊക്കെ എനിക്കും അറിയാം.ഡീസൽ വില ഗണ്യമായുയർത്തി മാത്രം   CAD കുറയ്ക്കാനേ ഈ ധന മന്ത്രിക്കും RBI ഗവർണർക്കും അറിയൂ എങ്കിൽ ഒരു ധന മന്ത്രിയോ RBI  ഗവർണറോ ഒക്കെ ആകാനുള്ള യോഗ്യത  എനിക്കും ഇല്ലേ എന്നൊരു സംശയം...ഈ ആശ്വാസത്തിൽ  ഉള്ളിയെയും വിലക്കയറ്റത്തെയും ഒക്കെയോർത്തുള്ള   കരച്ചിൽ നിർത്തി  ആശ്വസിച്ചിരിക്കുകയാണ് ഞാൻ !!!  
                     1991 ലെ പ്പോലെ  IMF നു മുൻപിൽ നമ്മുടെ സ്വർണ്ണം പണയം വെച്ച് കടം വീട്ടേണ്ട നിവൃത്തികേടൊന്നും  ഇന്ത്യക്കില്ലെന്ന് ആവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും മൻമോഹനും ചിദംബരവും ഉള്ളിക്ക് വേണ്ടി കരയുന്നില്ലെങ്കിലും ഉള്ളിൽ കരയുന്നുണ്ടാവും......

2013 ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

THEY AD IT AGAIN...

    പ്രചരിപ്പിച്ചാൽ  പോരേ അപമാനിക്കണോ ???


        "പാർത്ഥ സാം  നിജയാം വാർന്നൊഴിഞ്ഞിട്ട്  സേതുബന്ധനോദ്യോഗ മെന്തെടോ "
  
      പച്ചയും കത്തിയും താടിയും മിനുക്കും ചേർന്ന്‌ അരങ്ങുകളിൽ നളചരിതം നിറഞ്ഞാടുമ്പോൾ കേരളീയർ ഇത്  കണ്ടത്  ആവേശത്തോടെ മാത്രമായിരുന്നില്ല ...അരങ്ങിൽ തെളിഞ്ഞു കത്തുന്ന ആട്ടവിളക്കിന്റെ വെളിച്ചത്തിൽ ക്കാണുന്ന  നളനെയും ദമയന്തിയെയും ഇന്ദ്രാദിദേവകളെയും  അവർ കണ്ടത് ഭയഭക്തി ബഹുമാനങ്ങളോടും കൂടിയായിരുന്നു. സാംസ്‌കാരിക കേരളത്തിന്റെ തനതു കലയാണു കഥകളി. കേരള സംസ്കാരത്തിന്റെ, തനിമയുടെ, പാരമ്പര്യത്തിന്റെ, പുരാണങ്ങളുടെ എല്ലാം ആവിഷ്കാരം. ഈ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകമാണ്  യൂറ്റ്യൂബിലൂടെയും   ടി. വി. സ്ക്രീനുകളിലൂടെയും, തെരുവിൽ അശ്ലീലച്ചുവയുള്ള  അംഗവിക്ഷേപങ്ങളിലൂടെ  വെസ്റ്റേണ്‍ ചുവയുള്ള ഫാസ്റ്റ് സംഗീതത്തിന്റെ ഈണത്തിനൊപ്പം ചുവടുവെക്കുന്നത്, നാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അതും അതും നന്മയുടെ പ്രതീകമായി നാം മനസ്സിൽ പ്രതിഷ്ടിച്ച   രാമ,അർജ്ജുന, നള, ഭീമ, പ്രഹ്ലാദാദികൾ  എത്തുന്ന പച്ചവേഷം ധരിച്ചു, റോഡരികിൽ നിൽക്കുന്ന മോഡേണ്‍ പെണ്‍കുട്ടിയുടെ മുൻപിൽ തിമർത്തു,  മദിച്ചാടുന്ന ഒരു പച്ചവേഷം!
              എന്തനീതിക്കും  അക്രമത്തിനുമെതിരെ പൊരുതുന്ന കേരളയുവത്വത്തിന്റെ  രക്തം ആദ്യ ദിവസങ്ങളിൽ ട്വിട്ടറിലും  ഫെയിസ്ബുക്കിലും  തിളച്ചു. കമന്റുകളും, ലൈക്കുകളും, മെൻഷനുകളും, ഫേവുകളും , റിട്വീട്ടുകളും  കിട്ടിയപ്പോൾ യുവത്വത്തിനു സന്തോഷമായി.അവർക്ക് വേണ്ടത് കേരള സംസ്കാരത്തിൻ മേലേറ്റ  ഈ അപമാനം മാറ്റുക എന്നതിലുപരി തന്റെ പ്രതിഷേധ കൊടുംകാറ്റിനുലഭിച്ച കമന്റുകളും മെൻഷനുകളുംആയിരുന്നല്ലോ..
       പ്രതിഷേധിക്കാൻ പുതിയ അഴിമതിക്കഥകളും അമ്മയെ "ഓണ്‍ലൈൻ" ആയി സ്നേഹിക്കാൻ മാതൃദിനവും രാഷ്ട്രത്തെ  "വെബിൽ " സ്നേഹിക്കാൻ സ്വാതന്ത്ര്യദിനവും എത്തിയപ്പോൾ അവരുടെ പ്രതിഷേധ, സ്നേഹ കൊടുംകാറ്റുകൾ ആ വഴിയെ തിരിഞ്ഞുപോയി.  കഥകളിക്കേറ്റ  അപമാനം അവിടെ പൂർവാധികം ശക്തിയോടെ സ്ക്രീനിൽ നിറഞ്ഞാടുകയും ചെയ്തു.പ്രതിഷേധക്കാരുടെ  പ്രതിഷേധ കൊടുംകാറ്റിന്റെ  ലിങ്കുകളിലൂടെ കൂടുതൽ പ്രചാരവും കൂടുതൽ ഹിറ്റുകളും നേടി  പരസ്യം പെട്ടന്ന് സൂപ്പർ ഹിറ്റായി.സൂപ്പർ ബൗൾ പ്ലാറ്റ്ഫോമിൽ ഉത്പന്നത്തിന്റെ  ബ്രാൻഡിങ്ങ് വീണ്ടും വർദ്ധിക്കുകയും ചെയ്തു. -ഇത് ഒരു കഥ ....

             അടുത്ത കഥ ഇന്ത്യ ഒട്ടാകെ "റീച്ച്" ഉള്ളതാണ്. ഇറ്റാലിയൻ നാവികരുടെ വോട്ടുചെയ്യാനുള്ള തിരിച്ചുപോക്ക് കേന്ദ്ര സർക്കാരിനു സൃഷ്ട്ടിച്ച തലവേദന അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരസ്യ ഏജൻസിയായ JWT യുടെ ഇന്ത്യൻ ശാഖ JWT  INDIA ഒരു ചൂടൻ പരസ്യം ചെയ്തു. ഫോർഡിന്റെ ജനകീയ മോഡലായ ഫോർഡ് ഫിഗോ യുടെപ്രചാരത്തിനു വേണ്ടി പാരീസ് ഹിൽട്ടൻ ഉൾപ്പെടെയുള്ള അർദ്ധനഗ്നരായ  തരുണീമണികളെ ഡിക്കിയിൽ  നിറച്ച് ചുണ്ടത്ത് ഒരു വഷളൻ ചിരിയുമായി പാഞ്ഞുപോകുന്ന  ഇറ്റാലിയൻ മുൻ പ്രസിഡന്റ് സിൽവിയോ ബെർലുസ്കോണി!!! 
    ആഗോള തലത്തിലേക്ക് പ്രതിഷേധം അണപൊട്ടുന്നതിനു മുന്പ് പക്ഷെ ഈ പരസ്യം യൂട്യൂബിൽ നിന്നും ടി.വി.. സ്ക്രീനിൽ നിന്നും  അപ്രത്യക്ഷമായി.താടിയുള്ള അച്ഛനെ പേടിക്കാതെ പറ്റില്ലല്ലൊ...
     
   ഇനി ഒരു പുതിയ പരസ്യം-വിപണിയിൽ ലഭ്യമായ മറ്റു പേസ്റ്റുകളെക്കാൾ അഞ്ചു മടങ്ങ്‌ ഫലപ്രദമാണ് തങ്ങളുടെ പേസ്റ്റ് എന്നു കാണിക്കാനായി തങ്ങളുടെ മുഖ്യ എതിരാളിയായ കോൾഗേറ്റിന്റെ  പേസ്റ്റ് വച്ചാണ് പെപ്സൊഡെന്റ്  പുതിയ പരസ്യം ചെയ്തത്.താരതമ്യം പരസ്യത്തിൽ പുതിയ കാര്യമൊന്നുമല്ലെങ്കിലും  വേറൊരു പ്രൊഡക്റ്റിനെ നേരിട്ട് അപമനിച്ചിട്ട് വേണോ ഈ താരതമ്യം??? 
  
        ഇതാണോ ക്രിയാത്മകത??പത്രങ്ങളും വാർത്താ ചാനലുകളും ചെയ്യുന്നതു പോലെ വിവാദമുണ്ടാക്കി,അശ്ലീലം കലർത്തി,ഊതി വീർപ്പിച്ച്  പ്രേഷകരെ ആകർഷിക്കുന്ന അധാർമികതയുടെ  കച്ചവടം മാത്രമായിരിക്കുകയാണ് ഇന്നത്തെ പരസ്യ വിപണി. വ്യത്യസ്ഥമായ ഗുണഗണങ്ങളുള്ള  തങ്ങൾ നിർമിക്കുന്ന  ഉത്പന്നങ്ങൾ   ഉപഭോക്താക്കളെ അറിയിക്കേണ്ടത് അവരുടെ ധാര്മിക ഉത്തരവാദിത്തം തന്നെയാണ്. ഇവ അറിയേണ്ടത് ഉപഭോക്താക്കളുടെ മൗലീക അവകാശവും.പക്ഷെ ........


"പ്രചരിപ്പിച്ചാൽ പോരേ ഇങ്ങനെ അപമാനിക്കണോ ???"

2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

          രണ്ടു  പ്രമുഖർ  പടിയിറങ്ങുമ്പോൾ..... 

           
           രണ്ടുപേർ  പടി യിറങ്ങുകയാണ്... ലോകത്തിലെ രണ്ടു വലിയ താക്കോൽ സ്ഥാനങ്ങളിൽ നിന്ന്. 
        
   അമേരിക്കൻ ഫെഡറൽ  റിസർവ്‌  ചെയർമാൻ ബെൻ ബെർണാങ്കെയും  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ഗവർണർ ഡി. സുബ്ബറാവുവും. 

     2008 സെപ്റ്റംബെർ 5 ന് 22 ആം  റിസവ് ബാങ്ക് ഗവർണറായി

വേണുഗോപാൽ റെഡ്ഡിക്കു ശേഷം മിന്റ് സ്ട്രീറ്റിലെത്തിയതാണ്  ആന്ധ്രാക്കാരനായ  ഡി. സുബ്ബറാവു. 5 വർഷത്തെ സംഭവ ബഹുലമായ ഔദ്യോഗിക ജീവിതം അവസാനിപ്പിച് മിന്റ് സ്ട്രീ റ്റിന്റെ  താക്കോൽ റാവു ഓഗസ്റ്റ് 4 ന് രഘുറാം രാജന് കൈമാറും. 

       ആഗോള സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സാമ്പത്തിക ചക്രം തിരിക്കുന്നയാൾ - ലോകത്തിലെ ഏറ്റവും ശക്തരയ ആളുകളുടെ, ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ ആറാം സ്ഥാനത്താണ്  ബെൻ ബെർണാങ്കെ എന്ന ബെൻ ശാലോം  ബെണാങ്കെയുടെ സ്ഥാനം. അമേരിക്കൻ പ്രസി ഡന്റ്  ഒബാമ ഒന്നാം സ്ഥാനത്തായ ഈ പട്ടികയിൽ ബ്രിട്ടീഷ്‌ പ്രധാന മന്ത്രിക്ക് 10 ഉം നമ്മുടെ സോണിയ ഗാന്ധിക്ക് 12 ഉം യു.എൻ. സെക്രട്ടറി ജെനറലിനു  33 ഉം ഫെയ്സ് ബുക്ക്‌ സ്ഥാപകൻ മാർക്ക് സുക്കർ ബെർഗിനു 25 ഉം സ്ഥാനമുള്ള പ്പോഴാണ് ബെർണാങ്കെക്ക് ഈ ആറാം സ്ഥാനം. 
    
  അലൻ ഗ്രീൻ സ്പാനു ശേഷം 2006 ൽ ജോര്ജ്ജ്  ബുഷാണ് ബെർണാങ്കെയെ ഫെഡ് തലവനായി നിയമിക്കുന്നത്. വീണ്ടും 2010 ൽ ഫെഡ് ചെയർമാനായി  ബെർണാങ്കയെ നിയമിച്ചുകൊണ്ട്  ഒബാമ ലോകത്തോട് ഇങ്ങനെ പറഞ്ഞു  "ഈ മനുഷ്യന്റെ കഴിവുകളും ധൈര്യവും ക്രിയാത്മകതയുമാണ്  അമേരിക്ക നേരിട്ട വലിയ സാമ്പത്തിക പ്രതിസന്ധിയിൽ  നിന്ന് അമേരിക്കയെ കര കയറാൻ സഹായിച്ചത്".  ഫോബ്സിന്റെ  ശക്തരിൽ  ശക്തരായവരുടെ  പട്ടികയുടെ  ആദ്യ നിരയിൽ തന്നെ ബെർണാങ്കയെ ഉൾപെടുത്തിയില്ലെങ്കിലല്ലേ  അതിശയിക്കാനുള്ളു!!!!

     ഈ ജനുവരിയിൽ ബെർണാങ്കെയുടെ  കാലാവധിയും കഴിയുകയാണ്. ഗ്രീൻ സ്പാനിനേക്കാളും ഫെഡ് പോളിസികളെ സുതാര്യമാക്കിയ , അമേരിക്കയെത്തന്നേ  തകർത്തു കളഞ്ഞേക്കാമായിരുന്ന  ഗ്രേറ്റ്‌ ഡിപ്രഷനിൽ നിന്നും അമേരിക്കയെ രക്ഷിച്ച ബെർണാങ്കെക്ക് ശേഷം ഈ താക്കോൽ സ്ഥാനത്തേക്ക് വരുന്നത് അരെന്ന് പക്ഷെ   ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോകത്തിലെ പ്രമുഖ ഫിനാൻഷ്യൽ പ്രസ്സുകളെല്ലാം ഈ സ്ഥാനത്തേക്ക് വരാൻ പോകുന്നവരുടെ സാധ്യതാ പട്ടികകൾ വിറ്റ് കശാക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. 

   സുബ്ബറാവു   മിന്റ് സ്ട്രീറ്റിന്റെ  പടികൾ കയറുമ്പോൾ താരതമ്യേന സുരക്ഷിതമായ ഒരു  സാമ്പത്തിക സ്ഥിതിയായിരുന്നു  ഇന്ത്യക്ക്. പക്ഷെ ആ സമയത്ത് അമേരിക്ക, ബാങ്കിംഗ് മേഖല പൂർണമായി തകർന്ന് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ  കടന്നു പോകുകയുമായിരുന്നു.  പക്ഷെ ആ പ്രതിസന്ധി ഇന്ത്യയെ തെല്ലും ബാധിച്ചില്ല. ( മുൻപേ നടന്ന പല സാമ്പത്തിക വിദഗ്ദരുടേയും തോളിൽ ചവിട്ടി നിന്നാണെങ്കിലും പ്രതിസന്ധിയിൽ അകപ്പെടാതെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ സുബ്ബറാവുവിനു കഴിഞ്ഞു. പക്ഷെ ഇന്നോ????? അമേരിക്കാൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. എല്ലാ പ്രതിസന്ധികളിൽ  നിന്നും അമേരിക്ക  കരകയറി. ഇന്ത്യയോ,,,,, രൂപ തളന്ന്, കറന്റ് അക്കൌന്റ് കമ്മി വളരെ ഉയർന്ന് ഇതുവരെ അനുഭവിക്കാത്ത വലിയ പ്രതിസന്ധിയുടെ ഒത്ത നടുക്കും. 

            അമേരിക്കാൻ സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി കാണാൻ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വലിയ ക്രെഡിറ്റായി  ബെർണാങ്കെക്ക് പറയാം. ആ വലിയ പ്രതിസന്ധിയിൽ നിന്നും അമേരിക്കയെ രക്ഷിച്ച് സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കിയാണ്  ബെർണാങ്കെ ഇപ്പോൾ പടിയിറങ്ങാൻ ഒരുങ്ങുന്നത്. താരതമ്യേന സുരക്ഷിതമായിരുന്ന സാമ്പത്തിക സ്ഥിയിൽ നിന്നും, ഒന്നിന്റെ പരിഹാരം മറ്റൊരു പ്രശ്നത്തിലേക്ക് വഴിവെക്കുന്ന അതീവ ഗുരുതരമായ ഒരു ഊരാക്കുടുക്കിൽ പെട്ട് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ കിതക്കുമ്പോഴാണ്  പക്ഷെ സുബ്ബറാവു പടിയിറങ്ങുന്നത്. 

    പലിശ  കുറക്കാതെയും പണ ലഭ്യത കുറച്ചും രൂപയെ രക്ഷിക്കാൻ പാടുപെടുകയായിരുന്നു  സുബ്ബറാവു. ഇത് താല്ക്കാലിക ആശ്വാസം നല്കിയെങ്കിലും രൂപയുടെ മൂല്യം   വീണ്ടും തകർന്ന് ഡോളറിനെതിരെ 62 ന്റെ വക്കോളമെത്തുകയാണ് ഉണ്ടായത്.  ഇത്തരം നടപടികൾ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും വാൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും ചിദംബരം ആവർത്തിച്ചാവർത്തിച്ചു പറഞ്ഞെങ്കിലും  മറ്റു നടപടികളൊന്നും സ്വീകരിക്കാൻ റിസർവ് ബാങ്കിനു  ഇപ്പോൾ നിർവാഹമില്ല. 

  അമേരിക്കൻ സാമ്പത്തിക മേഖല ശക്തിപ്പെട്ടതിന്റെ ഫലമായി അവർ വികസ്വര രാജ്യങ്ങളിൽ നിക്ഷേപിച്ച  പണം ഡോളർ ആയി പിൻവലിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ രൂപ കൂടുതൽ തളരുന്നത്. കൻ ന്സിയുടെ ഈ തളർച്ച  ബ്രസീലിനെയും സൗത്ത് ആഫ്രിക്കയെയും  മറ്റ് രാജ്യങ്ങളേയും ബാധിച്ചതുപോലെ ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന്  പറഞ്ഞ്‌ ചിദംബരത്തെപ്പോലെ  ആശ്വസിക്കാൻ സുബ്ബറാവുവിനാകുമായിരുന്നില്ല.  ഒക്ടോബറിൽ  റിസർവ് ബാങ്കും ധനകാര്യ മന്ത്രാലയവും ഒരേ ദിശയിൽ മുന്നോട്ട് പോകുമെന്നു പറഞ്ഞ ചിദംബരം  2013 ൽ  ധനകാര്യ മന്ത്രാലയത്തിനു തന്നെയും മുന്നോട്ടു പോകാൻ കഴിയുമെന്ന് പറഞ്ഞതിൽ  പല ദുസൂചനകളും ഉണ്ടായിരുന്നു.

           ഇത്തരം ഒരു പ്രതിസന്ധിയിലേക്കാ ണ്  രഘു റാം രാജൻ ഇനി കാലെടുത്തുവക്കേണ്ടത്. രൂപയുടെ രക്ഷക്കായും സാമ്പത്തിക - വ്യാവസായിക വളർച്ചക്കായും  ഒരേ പോലെ പരിശ്രമിക്കാൻ കഴിഞ്ഞാലേ ഈ പ്രതിസന്ധികൾ   പരിഹരിക്കാനാകൂ...ഇപ്പോൾ അധികം പ്രതിസന്ധികൾ ഇല്ലെങ്കിലും  ലോക    സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സാമ്പത്തിക ചക്രം തിരിക്കണമെങ്കിൽ അസാമാന്യ കഴിവുകൾ ഉണ്ടായേ മതിയാകൂ-ബെർണാങ്കെക്ക് ശേഷം വരുന്നത് ആരായാലും ..