2013 ഡിസംബർ 31, ചൊവ്വാഴ്ച

GOOD BYE...2013......


       2013  വിടപറയുന്നു ...പിങ്ക്ബെർഗ് ന് പറയാൻ ഒരുപാടുണ്ട്......പിങ്ക്ബെർഗിനു ഒരുപാട് വാർത്തകൾ നൽകിയ വർഷമായിരുന്നു 2013. രൂപ രൂപ എന്ന് പറഞ്ഞ് നിലവിളിക്കുന്ന ധന മന്ത്രാലയവും റിസർവ്വ് ബാങ്കും,സാമ്പത്തിക പ്രതിസന്ധി , വിലക്കയറ്റം, ധനക്കമ്മി, പണപ്പെരുപ്പം,വ്യാപാരക്കമ്മി,പിൻവലിച്ചു കൊണ്ടുപോകുന്ന നിക്ഷേപങ്ങൾ,ഇപ്പോൾ പിന്വലിക്കുമെന്ന് പറഞ്ഞ് നിരന്തരം പേടിപ്പിക്കുന്ന ഉത്തേജന പാക്കേജുകൾ,മൂല്യത്തകർച്ച,ഓഹരി  വിപണിയിലെ ഇറക്കങ്ങൾ തുടങ്ങിയ ശീർഷകങ്ങളിൽ  പിങ്ക്ബെർഗിനുള്ള ഒരുപാട് വിഭവങ്ങൾ 2013 തന്നു....ഉള്ളിയെ മനപ്പൂർവ്വം മറന്നതാണ്.....ഇപ്പോൾ പറയുന്നതിലെ ഔചിത്യ കുറവ് പരിഗണിച്ച്....
        
            ഞാൻ എന്റെ പിങ്ക്ബെർഗിലൂടെ 2013 നെ കാണുകയാണ്...പലപ്പോഴും പിങ്ക്ബെർഗിന്റെ ചട്ടക്കൂടിൽ ഞാൻ  ശ്വാസം കിട്ടാതെ പിടയാറുണ്ട് .....പക്ഷെ ഞാൻ ഈ പാരതന്ത്ര്യത്തെ ആസ്വദിക്കുകയാണ്....കാരണം പിങ്ക്ബെർഗിനോട് എനിക്ക് അത്രയും സ്നേഹമുണ്ട്.....

          പിങ്ക്ബെർഗ് പിറന്നത് 2013 ലാണ്...

              2012ന്റെ അവസാന ദിനങ്ങളിൽ  ഡെൽഹിയിലെ തെരുവോരങ്ങളിൽ തെളിഞ്ഞ മെഴുതിരികളുടെ വെളിച്ചത്തിൽ ഞാൻ  ഒരു തീവ്ര ഫെമിനിസറ്റ് ആയി  മാറിയോ എന്ന സംശയത്തിലാണ്  2013  നെ വരവേറ്റത്.  ഫെമിനിസ്റ്റ് എന്ന് ഞാൻ എന്നെ വിളിക്കുന്നില്ലെങ്കിലും ആ തീവ്രത ഇപ്പോഴും ജ്വലിക്കുന്നുണ്ട് .....

              2013 എനിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു .........എഴുതിയ പരീക്ഷകളിലെല്ലാം വിജയിച്ച വർഷം...പക്ഷെ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ( ഞാൻ നഷ്ടപ്പെടുത്തിയ ) നേട്ടങ്ങളും ഒരുപാടുണ്ട്....ഞാൻ വലിയവരെന്ന് വിശ്വസിക്കുന്ന ഒരുപാട്  പേരെ കണ്ടുമുട്ടി.....എനിക്ക് പുതിയ പുതിയ ചിന്താ തലങ്ങൾ തുറന്നു തന്നവർ....2013 മാർച്ച്‌ 16 എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിനങ്ങ ളിൽ ഒന്നാണ്.

        എന്നും പുതിയ അറിവുകൾ കൊണ്ട് പുസ്തകത്തിന്റെ 10 പേജുകൾ എങ്കിലും നിറക്കാൻ ആഗ്രഹിക്കുന്ന ഒരു നല്ല വിദ്യാർത്ഥിനി ആയിരുന്നു 2013 ന്റെ പകുതി വരെ ഞാൻ... ഞാൻ വായിച്ചു തുടങ്ങിയ വർഷം.  പക്ഷെ ...... വിദ്യാർത്ഥി എന്ന സ്വതന്ത്ര തലത്തിൽ നിന്നും ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുള്ള കാൽവെയ്പ് ആയിരുന്നു 2013 ന്റെ പകുതിക്ക് ശേഷം സംഭവിച്ചത്....പറിച്ചു നടലിൽ അടർന്നു പൊട്ടിയ വേരുകൾ പുതിയ മണ്ണിൽ നിന്നും ജലവും ലവണവും ആഗിരണം ചെയ്തു തുടങ്ങിയോ എന്ന് ഞാൻ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ...
     
          എനിക്ക് എങ്ങനെ ആയിരുന്നു 2013 എന്ന് ഞാൻ ഇനിയും പറഞ്ഞില്ല അല്ലെ...ഒരുപാട് പ്രമുഖരുമായി (എന്റെ കാഴ്ച്ചപ്പാടിൽ) ആശയവിനിമയം നടത്താൻ സാധിച്ചു....ഏഷ്യയിലെ മാർക്കറ്റിംഗ് ,ബിസിനെസ്സ് പ്രസിദ്ധീകരങ്ങളെ കുറിച്ച് ഒരു അമേരിക്കൻ അട്വേർടൈസിംഗ് ബുക്ക്‌ പ്രസാധകർക്ക്   വേണ്ടി ലേഖനം തയ്യാറാക്കാൻ അവർ ഏഷ്യ യിൽ നിന്ന് തിരഞ്ഞെടുത്തത് എന്നെ ആയിരുന്നു. GOODVERTISING എന്ന advertisng ബുക്ക്‌ എഴുതിയ തോമസ്‌ കൊസ്റ്റ്ലെർ ആണ് 2013  ഇൽ പരിചയപ്പെടാൻ പറ്റിയ ഒരു വ്യക്തിത്വം... ഒരുപാട് പ്രമുഖരുമായും  സംസാരിക്കാൻ കഴിഞ്ഞു.  THANKS to TWITTER..

       2013 ലാണ് ഞാൻ facebook ഇൽ അംഗമാകുന്നത്...പിങ്ക്ബെര്ഗിനു കുറച്ച് വായനക്കാരെ അധികം കിട്ടി  എന്നല്ലാതെ മറ്റൊന്നും ഒരു facebook account കൊണ്ട് എനിക്ക് നേടാനായില്ല.

           എനിക്ക് പഠിക്കാതെ പറ്റില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ്  വീണ്ടും ഒരു വിദ്യാർത്ഥിനി ആകാനുള്ള തീരുമാനമെടുക്കുന്നു... ഒരുപാട് സമയം പ്രയോജനപ്പെടുത്തുകയും അതിലേറെ സമയം വെറുതെ കളയുകയും ചെയ്ത എന്റെ 2013 നു വിട.
 
   പിങ്ക്ബെർഗിനു പറയാൻ രൂപ 70 രൂപയുടെ വക്കിലെത്തിയ സെപ്റ്റംബെർ 28 ഉം ഓഹരി വിപണികൾ കുതിച്ചുയർന്ന ദീപാവലി സമയങ്ങളും മിന്റ് സ്റ്റ്രീറ്റിനു സ്മാർട്ട്‌ ബോസ്സിനെ കിട്ടിയ സെപ്റ്റംബർ 4 ഉം  അമേരിക്കൻ ട്രഷറി  അടച്ചു പൂട്ടിയ ഒക്ടോബർ 1 ഉം തുടങ്ങിയ ദിനങ്ങളും  മാത്രമായിരിക്കും .......എങ്കിലും......

2013 ഡിസംബർ 5, വ്യാഴാഴ്‌ച

ഇത് പിങ്ക് ബെർഗിനു വേണ്ടിയുള്ള തേജ്പാൽ വാർത്ത‍



               ഞാൻ എന്റെ മാനത്തിനു വേണ്ടി പൊരുതുമ്പോൾ ഇയാൾ തന്റെ സ്വത്ത്‌ സംരക്ഷിക്കാനായി  യുദ്ധം ചെയ്യുന്നു. കേരളത്തിലെ വാർത്താ മാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധ നല്കിയില്ലെങ്കിലും ദേശീയ മാധ്യമങ്ങൾ ശ്രദ്ധിച്ച ഒരു വാചകമാണിത്. ഗോവ പെണ്‍കുട്ടിയുടെ  (മധ്യമങ്ങൾ അവളെ ഈ ഓമനപ്പേരിട്ട് വിളിച്ചു തുടങ്ങിയോ എന്നെനിക്ക് അറിയില്ല )  മൊഴിയാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനും ആഡംബരപ്രിയനുമായ ഒരു മാതൃകാ ജേർണലിസ്റ്റിനെതിരെ പറഞ്ഞ പെണ്‍കുട്ടിയുടെ  വാക്കുകൾക്ക് പക്ഷേ വേണ്ടത്ര ശ്രദ്ധ കിടിയില്ലെന്നാണ് പിങ്ക്ബെർഗിന്റെ അഭിപ്രായം .


                      തേജ്പാലിന്റെ സ്വത്തുകളെപറ്റി അറിയുന്ന ഒരേ ഒരാൾ ഒരു പക്ഷെ തേജ്പാൽ   മാത്രമായിരിക്കും. അതുകൊണ്ടാണ് ഒരു മാധ്യമങ്ങളിലും ഇത് സംബന്ധിച്ച യാതൊരു വാര്ത്തകളും വന്നു കാണാത്തത്. ഒരു ചെറുകിട ഓണ്‍ലൈൻ പത്ര മാസികയുടെ സബ്എഡിറ്ററായിരുന്ന തേജ്പാൽ  എത്ര പെട്ടന്നാണ് ഒരു ശത കോടീശ്വരനും ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു താരവുമായി    മാറിയത് ??!! 
            
       മെയ്ഫെയറിലും  മൻഹട്ടനിലും  ബോളിവുഡിലും ഹോളിവുഡിലും നിറയെ സുഹൃത്തുക്കൾ .ഡൽഹിയിലും മഷൊബറയിലും കസാലിയിലും സ്വന്തമായി സ്ഥലവും മാളികകളും.   ഗോവയിൽ പക്ഷെ തേജ്പാൽ വിലക്ക് വാങ്ങിയത് ഒരു ഗ്രാമം മുഴുവനായാണ്. 
                     
                            അത്താഴവിരുന്ന് ലണ്ടനിലെയോ ലോസ് ആഞ്ചലസിലെയോ സുഹൃത്തുക്കൾക്കൊപ്പമെന്ന് തീരുമാനിച്ചാൽ ചാർട്ടേഡ് വിമാനത്തിൽ പറന്നുപോയി വിരുന്നിനു ശേഷം തിരിച്ചു വരുന്ന ഒരു പതിവ് തേജ്പാലിനുണ്ടായിരുന്നു. 

               തിങ്ക്‌ ഫെസ്റ്റിവൽ ആയിരുന്നു തേജ്പാലിന്റെ മറ്റൊരു ആഡംബരം . ഗോവയിലെ ഏറ്റവും വലിയ നക്ഷത്ര ഹോട്ടലായ 'GRAND HYATT' ആയിരുന്നു   തിങ്ക്‌  ഫെറ്റിവലിന്റെ സ്ഥിരം വേദി. ലോകത്തിലെ ഏറ്റവും പ്രശ സ്തരായ  ചിന്തകരും എഴുത്തുകാരും മാധ്യമ പ്രവർത്തകരുമാണ് ഈ ചിന്ത ഉത്സവത്തിന് വരുന്നത് എന്നൊന്നും തെറ്റി ധരിക്കല്ലേ ... ലോക സിനിമയിലെ കത്തിനിൽക്കുന്ന താര പ്ര ഭകളും മറ്റ് പ്രശസ്തരും ആയിരുന്നു തെജ്പാലിന്റെ അ തിഥികളായി എത്തുന്ന ചിന്തകർ. 

                      ധാരാളം പണം ചിലവഴിക്കാനുള്ളവർക്ക് മാത്രമാണ് ഈ ഉത്സവത്തിലെക്ക് പ്രവേശനമുള്ളൂ.19,000  രൂപയാണ് പ്രവേശന ഫീസ്‌. ഈ  ഉത്സവം ഹോട്ടലുകാർ തങ്ങളുടെ ഏറ്റവും വലിയ മാർക്കെറ്റിംഗ് ഇവേന്റായാണ് കണ്ടിരുന്നത്. ഗുരുതരമായ പരിസ്ഥിതി നിയമ  നടത്തിയ ഹോട്ടലിനെതിരെയുള്ള കേസ് ഇപ്പോഴും ഹൈക്കോടതിയിലാണ്. 

                     സെലിബ്രിട്ടികൾക്കായി മാത്രം തേജ്പാൽ ഒരുക്കുന്ന ഈ ചിന്ത ഉത്സവങ്ങൾ തുടക്കം മുതലേ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. 2011 ഇൽ തന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഗ്ലാമറസ് ചിന്തകരെ കണ്ടപ്പോൾ തന്റെ സ്വപ്ന സക്ഷാത്കാരമെന്നാണ് തേജ്പാൽ പറഞ്ഞത്. അന്ന് തേജ്പാൽ നടത്തിയ വിവാദമായ പ്രസ്താവന അതേ ഭാഷയിൽ തന്നെ ഞാനും വിവരിക്കാം .
            
"THINK,YOU ARE IN GOA ,DRINK AS MUCH YOU WANT, EAT...AND SLEEP WITH WHOEVER YOU THINK OF....  BUT GET READY TO ARRIVE EARLY AT THE EVENT AS WE HAVE A PACKED HOUSE"
                            
                                ആവശ്യമുള്ള അത്രയും കുടിക്കുകയും ഇഷ്ടമുള്ളതെല്ലാം തിന്നാനും  ഇഷ്ടമുള്ളവരുടെ കൂടെ ഉറങ്ങാനും അന്നത്തെ തിങ്ക്‌ ഫെസ്റ്റിവലിൽ ആഹ്വാനം ചെയ്ത ഈ മാതൃകാ പത്രപ്രവർത്തകൻ 2013 ഇൽ ഇത്ര ചെറിയ വിവാദമല്ലേ ഉണ്ടാക്കിയുള്ളു ???

                        അക്രമങ്ങളുടെയും അഴിമതികളുടെയും പല സ്വകാര്യതകളുടെയും  നേരെ നേരെ ക്യാമറ ചൂണ്ടിയ സ്റ്റിങ്ങ് ഓപ്പറേഷൻ എന്ന ഓമന പേ രിട്ട് വിളിക്കുന്ന തേജ്പാൽ ജേർണലിസത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്ത് സ്വയം പരിഹസ്യയവാൻ ഞാനില്ല. എന്നാലും തേജ്പാൽ നടത്തിയ ഇത്തരം പേന (ക്യാമറ) യുദ്ധത്തിന്റെ ഫലങ്ങൾ പുറത്തു വന്നതിലും  അധികം വെളിച്ചം കാണാത്തവയാണെന്ന് ഞാൻ പറഞ്ഞുകൊള്ളട്ടെ. കോടിക്കണക്കിനു രൂപക്ക് വിറ്റുപോയ അഴിമതി-അവിഹിത കഥകൾ!!
                      
                          തെജ്പാലിനെ റോൾമോഡലായി കണ്ട ഒരുപാട് മാധ്യമ വിദ്യാർത് ഥികളുണ്ടായിരുന്നു...പാവങ്ങൾ ..ഞാൻ എന്തായാലും ആ ഗണത്തിൽ പെടില്ല. നീരാ റാ ഡിയകേസ്  വന്നപ്പോൾ വിഗ്രഹങ്ങൾ പലതും ഉടഞ്ഞപ്പോൾ വിഗ്രഹങ്ങൾ സൃഷ്ട്ട്ടിക്കുന്ന  പണി ഞാൻ നിർത്തിയിരുന്നു.......

2013 നവംബർ 18, തിങ്കളാഴ്‌ച

POLITICIAN =IDIOT?

CNR RAO blames  politicians who all are responsible for 'budget making'  or allocating funds for different sectors. The BHARAT RATNA -the highest civilian award winner calls every politician as IDIOTS  because they don't know the importance of proper funding to science and technology department. Ok.. to an extent I am agreeing with him. But can we reduce our fund for defense instead? No.Never.. and no politicians cannot avoid the calls of hungry from the mass poor . At the same time they cannot make policies that adversely affect corporate' s (which directly affects the vote bank,. .and they are the decision makers..right?).

           but the comments from a Bharat Ratna winner regarding his rewards and salary was extreemly substandard, I think.

                        finally in my view a politician more specifically a  finance minister should  be a good manager, good economist, good statistician etc.. etc... and ULTIMATELY A GOOD IDIOT  TOO!!!!

2013 സെപ്റ്റംബർ 17, ചൊവ്വാഴ്ച

നാളെ അറിയാം

നാളെ അറിയാം


നാളെ സെപ്റ്റംബർ  18. ലോകരാജ്യങ്ങൾ  മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ദിവസം . ഇന്ത്യഅടക്കമുള്ള  ഏഷ്യൻ രാജ്യങ്ങളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ മാറ്റി മറിക്കാൻ കഴിയുന്ന നയങ്ങളും തീരുമാനങ്ങളും ഉണ്ടായേക്കാവുന്ന അമേരിക്കൻ ഫെഡ് റിസേർവിന്റെ അവലോകന യോഗം നാളെയാണ് നടക്കുന്നത്.

       2008 ൽ അമേരിക്കയെ പിടികൂടിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ  നിന്ന് അമേരിക്ക പൂർണമായി കരകയറി. സാമ്പത്തിക  പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും മറ്റു വികസ്വര രാജ്യങ്ങളിലുമായി  നിക്ഷേപിച്ച കടപ്പത്രങ്ങളും ബോണ്ടുകളും നിക്ഷേപങ്ങളും ഇനി സുഗമമായി പിൻവലിച്ച്  സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാമെന്ന സുരക്ഷിത സാമ്പത്തിക സ്ഥിതിയിലാണ് അമേരിക്ക ഇപ്പോൾ.

        ഇങ്ങനെ ഇന്ത്യക്ക് നല്കിയ സാമ്പത്തിക പാക്കേജുകളും പിൻവലിക്കാൻ പോകുന്നു എന്നൊരു സൂചന ഫെഡ് ചെയർമാൻ ജൂണ്‍ മാസത്തിലേ നല്കിയിരുന്നു. ഈ സൂചനയുടെ മാത്രം ഫലമാണ് "ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ" എന്ന ലേബലിൽ നാം കണ്ടതൊക്കെ.   രൂപയുടെ മൂല്യം സർവകാല റെക്കോഡ് ആയ 68.80 ൽ എത്തിയതും ഇതിന്റെ പ്രതിഫലനമായിരുന്നു. വിദേശനിക്ഷേപകർ കൂട്ടത്തോടെ നമ്മുടെ ഓഹരി വിപണികളിൽ നിന്നും ഡോളറുകളായി നിക്ഷേപം പിൻവലിച്ചതും അങ്ങനെ ഡോളറിന്റെ ഡിമാന്റ് കുത്തനെ കൂടിയതും എന്നു വേണ്ട നാം വാങ്ങുന്ന ഓരോ സാധനത്തിനും വില കൂടിയതും എല്ലാം ഈ  വാക്കിന്റെ പുറത്താണ്. നമ്മുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമാല്ലായിരുന്നു എന്ന കാരണം പറയാമെങ്കിൽ കൂടിയും...

              സാമ്പത്തിക പാക്കേജുകൾ പിൻവലിക്കുന്നു എന്നു കേട്ടപ്പോൾ ഇതായിരുന്നു ഫലം എങ്കിൽ നാളെ പിൻവലിക്കാനുള്ള തീരുമാനമെടുത്താൽ എന്താകും ഇന്ത്യൻ സാമ്പത്തിക മേഖലയുടെ സ്ഥിതി??

                   നാളെ അമേരിക്കയിൽ നിന്ന് കേൾക്കുന്ന വാർത്ത‍ എന്തു തന്നെ ആയാലും അത് അത്ര  നന്നായിരിക്കില്ല എന്ന് തന്നെയാണ് ചൈനയും ബ്രസീലും എല്ലാം പറയുന്നത്.

                  ഒരാൾ പറയാൻ പോകുന്ന വാക്കുകൾക്ക് ഇത്ര ശക്തിയോ? അനേകം ലോക രാജ്യങ്ങളുടെ  സാമ്പത്തിക മേഖലയെ മാറ്റി മറിക്കാൻ ബെന് ബെർണാങ്കെ നാളെ പറയാൻ പോകുന്ന വാക്കുകൾക്ക് കഴിയും.

               ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ആളുകളുടെ ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ പ്രഥമ സ്ഥാനം ബെർണാങ്കെക്ക് കൊടുത്തത് വെറുതെ ആവില്ലല്ലോ?



2013 സെപ്റ്റംബർ 7, ശനിയാഴ്‌ച

ആണ്‍ഡ്രോയിഡ്കിറ്റ്‌ക്യാറ്റ്

              ആണ്‍ഡ്രോയിഡ്   കിറ്റ്‌ ക്യാറ്റ് 







    ആണ്‍ഡ്രോയിഡി ന് എന്നും മധുരമാണ്.....2008   ഇൽ ഗൂഗിൾ  ആണ്‍ഡ്രോയിഡ്  ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയിൽ അവതരിപ്പിച്ചപ്പോൾ മുതൽ നാവിൽ വെള്ളമൂറുന്ന പേരുകളാണ് ആണ്‍ഡ്രോയിഡിനു  നൽകുന്നത്.അക്ഷരമാലാ ക്രമത്തിൽ ഇങ്ങനെ മധുരം പകർന്ന്, ഓരോ വേർഷനുകളും വിപണികളിൽ അവതരിച്ചു .ഓരോ പുതിയ വേർഷനുകൾ വരുമ്പോഴും രുചിയേറുന്നതിനൊപ്പം ഗുണവും ഏറിവന്നു. ടച്ച് ഫോണുകളിലൂടെ ഈ മധുരം തൊട്ടെടുക്കാൻ  ഗൂഗിൾ പറഞ്ഞാൽ, അതൊന്നു രുചിച്ചു നോക്കാതിരിക്കാൻ നമുക്കാവില്ലല്ലോ.....   

                             2009 ഇൽ 'കപ് കേക്ക് '  മധുരം  ഗൂഗിൾ അവതരിപ്പിച്ചപ്പോൾ തന്നെ, വിപണികൾ ആവേശത്തോടെ  ഈ മധുരം നുണഞ്ഞുനോക്കി ..... 1.5 -ആണ്‍ഡ്രോയിഡ് കപ് കേക്ക് രുചിയേക്കാൾ കൂടുതൽ,  തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകണമെന്ന് ഗൂഗിളിനു തോന്നിയത് അവർ ഇതിനോടു കാണിച്ച സ്നേഹം കൊണ്ടുതന്നെയായിരുന്നു. പിന്നീട് കൂടുതൽ മണത്തോടെയും  രുചിയോടെയും നിറത്തോടെയും ഡോണാട്ടായും എക്ലയറായും ആണ്‍ഡ്രോയിഡ് 2 ഉം 2.2 ഉം ഗൂഗിൾ ലോകത്തിനു വിളമ്പി. പക്ഷേ 2.3 ജിഞ്ചർ ബ്രെഡിന്റെ  രുചിയാണ് ആളുകൾക്ക് ഏറെ ഇഷ്ടമായത്.  പിന്നീട്  വന്ന  ആണ്‍ഡ്രോയിഡ്- 4 ഐസ്ക്രീം സാൻഡ് വിച്ചും ജെല്ലി ബീനും വിപണികളിൽ ചൂടപ്പം പോലെ വിറ്റുപോയി .

                          100 കോടിയിലധികം സ്മാർട്ട്‌ ഫോണുകൾക്കാണ് ഇപ്പോൾ ഈ രുചിക്കൂട്ടുകൾ ഊർജ്ജം പകരുന്നത്.


                 ഗൂഗിളിനു പക്ഷേ  രുചിഭേദങ്ങൾ വിളമ്പി മതിയായില്ലെന്നു തോന്നുന്നു.  നെസ്  ലേ യുമായി ചേർന്ന്  പുതിയ രുചിയിൽ ആണ്‍ ഡ്രോയിഡിനെ വിപണി ലെത്തിചിരിക്കുകയാണ് ഇപ്പോൾ ഗൂഗിൾ. കിറ്റ്‌ ക്യാറ്റ് എന്നു പേരു നൽകിയ ഈ ആണ്‍ഡ്രോയിഡ്‌ -4.4 അതിനൂതന സാങ്കേതിക വിദ്യകളാൽ അതീവ  സ്വാദിഷ്ടമാണ്..ഗൂഗിൾ ഓഫീസിനു മുൻപിൽ കൂറ്റൻ കിറ്റ്‌ ക്യാറ്റ് ലോഗോ ഉയർന്നത്‌പോലെ   ഇനി നമുക്കു കിട്ടുന്ന കിറ്റ്‌ ക്യാറ്റ് കവറുകളിൽ ആണ്‍ഡ്രോയിഡ്  ചിത്ര ങ്ങളും കാണാം..

               ഗൂഗിൾ  കുഞ്ഞുങ്ങളുടെ  പേരുകൾക്ക്  എത്ര മധുരം അല്ലേ?????  

                  

2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച

സിറിയയെക്കുറിച്ച് എഴുതാതിരിക്കാൻ എനിക്കാവില്ല .......

                       ബിസിനെസ്സ് കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന പിങ്ക്ബെർഗിൽ സിറിയക്കെന്തു സ്ഥാനം എന്നു നിങ്ങൾ ചിന്തിച്ചേക്കാം...പക്ഷേ ഒരു ബിസിനെസ്സ് ജേർണലിസ്റ്റ് ആകുന്നതിനു മുൻപേ തന്നെ ഒരു ജേർണലിസ്റ്റ് ആകണമെന്നുള്ള ആഗ്രഹമാണെന്നിലുണ്ടായത്.  അതിൽ സിറിയക്ക് നിർണായകമായ പങ്കുണ്ട്. കാരണം ഞാൻ കാര്യമായി 'ചിന്തിച്ചു' തുടങ്ങിയത് സിറിയയിലൂടെയാണ്...
              
                     കാര്യമായ വായനയോ വാർത്ത‍ കാണലോ 'ചിന്തകളോ' ഇല്ലാത്ത കാലം....കുറച്ചു വർഷങ്ങൾക്ക് മുൻപ്..... 'ലോകത്തിൽ നടക്കുന്നതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല'  എന്ന ശക്തമായ വിശ്വാസമായിരുന്നു  അന്ന്. ആ സമയത്താണ് സിറിയയെപ്പറ്റി വന്ന ഒരു വാർത്താശകലം വളരെ ആകസ്മികമായി വായിക്കാനിടവന്നത്.  ലോകത്തിൽ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനങ്ങൾ  നടക്കുന്ന രാജ്യം സിറിയ ആണെന്നും ഗവണ്‍മെന്റ് ഓഫീസുകളേക്കാൾ  കൂടുതൽ ജയിലുകളുള്ള രാജ്യമാണിതെന്നുമുള്ള വാർത്തകൾ കേട്ടപ്പോൾ ഞാൻ ഒന്നു 'ചിന്തിച്ചു'... പണ്ട് കുഞ്ഞു ക്ലാസ്സുകളിൽ ജി.കെ. ക്കു വേണ്ടി പഠിക്കുമ്പോൾ 'ഏറ്റവും വലിയ രാഷ്ട്രം, സമ്പന്ന രാഷ്ട്രം' തുടങ്ങിയ മാനദണ്ഡങ്ങളിലേ രാജ്യങ്ങളെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നുള്ളൂ. ഇതൊരു വ്യത്യസ്തമായ കണക്കായി എനിക്കു തോന്നി. പിന്നെ എന്റെ ചിന്താമണ്ഡല ത്തിൽ  നിന്നു സിറിയ പോയിട്ടേയില്ല... എന്റെ 'ചിന്തകൾ'  സിറിയക്ക് ചുറ്റുമായി... എന്തുകൊണ്ടാകം ഇങ്ങനെ??? 

             1944 ഇൽ ഫ്രാൻസിന്റെ അധീനതയിൽ നിന്ന് സ്വതന്ത്രയായെങ്കിലും  അസദ് കുടുംബത്തിന്റെ അടിച്ചമർത്തൽ ഭരണത്തിൽ ശ്വാസം മുട്ടുന്ന സിറിയയിലെ   ആളുകൾ,  പിന്നീട്  എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു. പത്രത്തിലും വാർത്തകളിലും  സിറിയയെപ്പറ്റി  വന്നാൽ അത് പെട്ടന്ന് എന്റെ കണ്ണിലും കാതിലും എത്തി. ഹാഫിസ് അൽ അസദും മകൻ ബാഷർ അൽ  അസദും എന്റെ ഏറ്റവും വലിയ ശത്രുക്കളായി മാറി....

                        സിറിയയെപ്പറ്റി അറിഞ്ഞു തുടങ്ങിയപ്പോഴാണ് ഈ സമാന സ്ഥിതി മറ്റു  രാജ്യങ്ങളിലും ഉണ്ടെന്നു മനസിലായത്. ഏകാധിപത്യ ഭരണത്തിൽ ശ്വാസം കിട്ടാതെ പിടയുന്ന ജനങ്ങൾ ടൂണീഷ്യയിലും  ഈജിപ്തിലും   യെമനിലും ലിബിയയിലും തുടങ്ങി ഒരുപാടു രാജ്യങ്ങളിലുണ്ടെന്ന്. നാമമാത്ര ജനാധിപത്യമുണ്ടെങ്കിലും ഭീകര പ്രവർത്തനങ്ങളുടെ പിടിയിലമർന്ന അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും 'സിറിയാൻ ചിന്തകൾ' തെളിച്ച വെളിച്ചത്തിലൂടെ എന്റെ ചിന്താമണ്ഡലത്തിലേക്ക് വന്നു. ലോകത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി റോയിട്ടേ ഴ്സ് പാകിസ്ഥാനെ കണ്ടെത്തിയപ്പോൾ എനിക്കത്ഭുതമൊന്നും തോന്നിയില്ല. 90% പാക്‌ സ്ത്രീകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നൂ എന്നു കേട്ടപ്പോഴും......


                                       ഉത്തരാഫ്രിക്കയിലെ ടൂണീഷ്യയിൽ ഭരണാധികാരികളുടെ അടിച്ചമർത്തലിൽ അളമുട്ടിയ ജനങ്ങളുടെ തിരിച്ചറിവുകളും ഉയർത്തെഴുന്നേൽപ്പും 'ജനാധിപത്യ'ത്തിന്റെ കൊടുങ്കാറ്റായി ടൂണീഷ്യയിൽ ആഞ്ഞടിച്ചു തുടങ്ങിയപ്പോൾ അവർക്കൊപ്പം ഞാനും സന്തോഷിച്ചു.. 42  വർഷത്തെ  ഗദ്ദാഫിയുടെ ഭരണ ഭീകരതക്കെതിരെ ലിബിയൻ ജനങ്ങളും തെരുവിലിറങ്ങി.  30 വർഷത്തെ ഹുസ്നി മുബാറക്കിന്റെ ജനവിരുദ്ധ ഭരണത്തെയും ജനങ്ങൾ തെരുവിലിറങ്ങി ചോദ്യം ചെയ്തു.
             
            മുല്ലപ്പൂ വസന്തം എന്ന   പേരിൽ അറബ് രാജ്യങ്ങളിലെത്തിയ ഈ ജനാധിപത്യ സമരങ്ങളിൽ ബിൻ അലിയും മുബാറക്കും  എല്ലാം സ്ഥാനഭ്രഷ്ടരാകുകയും ജനങ്ങളും ജനാധിപത്യവും  വിജയിക്കുകയും ചെയ്തു.   തെരുവിൽ ക്രൂരമായി ഗദ്ദാഫി    കൊല്ലപ്പെട്ടു.

                          ഈ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ മാറ്റൊലികൾ അലയടിച്ചപ്പോൾ 2011 ഇൽ 'എന്റെ' സിറിയൻ ജനങ്ങളും തെരുവിലിറങ്ങി.പക്ഷെ കുടുംബാധിപത്യത്തിനെതിരെ  ജനങ്ങളുടെ   രോക്ഷം വർദ്ധിക്കുന്നത്തിനനുസരിച്ചു നേതാക്കളുടെ തിരിച്ചടികളും വർദ്ധിക്കുകയാണുണ്ടായത്.   അറബ് വസന്തത്തിൽ വിരിഞ്ഞ ജനാധിപത്യത്തിന്റെ മുല്ലപ്പൂക്കൾ സിറിയയിൽ വിരിഞ്ഞില്ലെന്ന് മാത്രമല്ല, സിറിയയുടെ വരണ്ട മണ്ണിൽ ആ മുല്ലച്ചെടി മുളച്ചുവന്നുപോലുമില്ല. സിറിയയിൽ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം ലക്ഷത്തിൽ  എത്തുന്നത് നിസാരമായി മാധ്യമങ്ങൾ പറയുമ്പോൾ ഞാൻ വളരെയേറെ ദുഖിച്ചു. സിറിയയുടെ പേരിൽ ലോകരാഷ്ട്രങ്ങൾ രണ്ടായി   തിരിയുന്നതു പോലും പിന്നീട് കാണേണ്ടതായിവന്നു. അമേരിക്കയും ബ്രിട്ടനും ഇസ്രെയേലും സൗദി അറേബ്യയും എല്ലാം സിറിയക്കൊപ്പം നിന്ന് വിമതർക്ക് പോരാടാനുള്ള ആയുധങ്ങളും മറ്റും നൽകി. റഷ്യയും ചൈനയും ഇറാഖുമെല്ലാം ബാഷ റിനോപ്പവും നിന്നു.  ബാഷർ എന്ന പിശാചിന്റെ സൈന്യാധിപന്റെ ഹൃദയം തിന്നുന്ന  'അബു സാക്കറെ' എന്ന വിമത നേതാവിന്റെ ചിത്രം പുറത്തുവന്നപ്പോൾ ആരുടെകൂടെയാണ് നിൽക്കേണ്ടതെന്നുപോലും  ഞാൻ സംശയിച്ചുപോയി.

                        ജനാധിപത്യത്തിന്റെ മഹത്വത്തെപ്പറ്റി ചിന്തിച്ചപ്പോൾ എന്റെ 'ചിന്തകൾ' ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ എന്റെ ഇന്ത്യയിലേക്ക് വന്നു.74%ഗ്രാമീണർക്കും 50% നഗരവാസികൾക്കും ഉൾപ്പെടെ 67% ആളുകൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാൻ 72.6 ദശലക്ഷം ടണ്‍  ധാന്യവും 1.2 ലക്ഷം കോടി രൂപ മാത്രവും ആവശ്യമായി വരുന്ന കണക്കുകൾ കേട്ടപ്പോൾ 2G അഴിമതി എന്ന  പേരിൽ 1.76 ലക്ഷം കോടിയും കൽക്കരി കുംഭകോണമെന്ന പേരിൽ 1.86 ലക്ഷം കോടിയും ഒന്നോ രണ്ടോ ആളുകളുടെ പോക്കറ്റിലേക്ക് പോയ  ജനാധിപത്യത്തിന്റെ  വിരോധഭാസമോർത്ത് എന്റെ 'ചിന്തകൾ' നിരാശപ്പെട്ടു. ഈജിപ്തിൽ വാടിക്കരിഞ്ഞുപോയ ജനാധിപത്യത്തിന്റെ മുല്ലപ്പൂക്കൾ വീണ്ടും നിലത്തിട്ട് ചവിട്ടിയരക്കപ്പെട്ടതും എന്നെ നിരാശപ്പെടുത്തി. ലോക രാജ്യങ്ങളെ സമാധാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുന്ന  GPI ( GLOBAL PEACE INDEX ) ഇൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും സിറിയക്കുമൊക്കെ തൊട്ടടുത്തു വന്ന്  ഇന്ത്യ, പട്ടികയുടെ അവസാന ഭാഗത്ത് കുരുങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.

                         നാസി കോണ്‍സെൻ ട്രേഷൻ ക്യാമ്പുകളിലും സദ്ദാം ഹുസ്സൈൻ കുർദ്ദുകൾക്കെതിരേയും ഉപയോഗിച്ച വിഷവാതകമായ 'സരിൻ' ആണിപ്പോൾ  സിറിയൻ സൈന്യം ഡമാസ്കസിലേക്ക് തുറന്നു വിട്ടത്. നിരവധി കുഞ്ഞുങ്ങളെ  കൊലപ്പെടുത്തിയ ഈ ആക്രമണത്തിന്റെ അകെ മരണ സംഖ്യ രണ്ടായിരത്തോളമാണ്. പത്തു ലക്ഷത്തോളം കുഞ്ഞുങ്ങളാണ് സിറിയയിൽ ഇതു വരെ അഭയാർഥികളായത്. ഇരുപതു ലക്ഷം കുട്ടികൾ വിവിധ സൈന്യത്തിലും ചേരാൻ നിർ ബന്ധിതരായി.

                ഇതൊക്കെ കൊണ്ട് സിറിയയെ പറ്റി ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല.ലോകരാജ്യങ്ങളെ പറ്റി ചിന്തിച്ച് തുടങ്ങാൻ എനിക്ക്  സിറിയയാണ്  ഒരു നിമിത്തമായത്. ചിലപ്പോൾ ഞാനൊരു ജേർണലിസ്റ്റ് ആവാൻ കാരണമായതും  'സിറിയ'യായിരിക്കും ......

             ഇനി പിങ്ക്ബെർഗിനു  വേണ്ടി.......

                                                                        സിറിയയിലെ ആഭ്യന്തര കലാപങ്ങൾ നമ്മുടെ രാജ്യത്തു വരുത്തുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതല്ല. നമ്മുടെ CAD കുറയണമെങ്കിലും രൂപ കരകയറണമെങ്കിലും കയറ്റുമതി കൂടിയേ തീരൂ...  അരി, സുഗന്ധ വ്യഞ്ജനങ്ങൾ,തേയില തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യ ധാരാളമായി സിറിയയിലേക്ക് കയറ്റിയയച്ചിരുന്നു. ഇപ്പോൾ അവയുടെ വിപണി കലാപത്തിന്റെ കരിനിഴലിലാണ്. ഇതുപോലെ ഉലുവ,മഞ്ഞൾ,ജീരകം,എള്ള്, തുടങ്ങിയവ വൻതോതിൽ ഈജിപ്തിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഈജിപ്തിലെ ആഭ്യന്തര കലാപം മൂലം ഇവയുടെ കയറ്റുമതിയിൽ 50% കുറവാണ് ഇപ്പോൾ നേരിടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള വിപണിയിലെ നിർണായക സാന്നിധ്യമായ സിറിയയിലെ പ്രശ്നങ്ങൾ  നമ്മുടെ രൂപയേയും വിപണിയേയുമെല്ലാം സാരമായി ബാധിക്കുന്നുണ്ട്.










2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഉള്ളിയെ ഓർത്ത് ഇനി കരയേണ്ട ....




               
             ഉള്ളി അരിഞ്ഞപ്പോൾ മാത്രം കരഞ്ഞിരുന്നവർ ഉള്ളി എന്നു കേൾക്കുമ്പോൾ തന്നെ കരയുകയാണ്. നൂറു രൂപ കൊടുത്ത് വാങ്ങുന്ന ഉള്ളിയിൽ കത്തി വെക്കുമ്പോൾ എങ്ങനെ കരയാതിരിക്കും ???? എന്നാൽ ഉള്ളിയെ ഓർത്ത് ഇനി കരയേണ്ട...
    ഉള്ളി വില കുറയും എന്നല്ല ഈ പറഞ്ഞു വരുന്ന കരച്ചിൽ നിർത്തലാഹ്വാനത്തിന്റെ അർത്ഥം. 
        ബിസിനെസ്സ് ഡെയിലികളൊക്കെ പറയുന്നതുപോലെ ഉള്ളിക്ക് പകരമായി ഇനി സ്റ്റോക്ക് എക്സേഞ്ചിനെ  ഓർത്ത് കരയൂ എന്നൊന്നും  പറയുന്നില്ലെങ്കിലും എന്തിനെയോർത്താണ്  ഇനി കരയെണ്ടാത്തത്  എന്നു പറയാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് ഇപ്പോൾ ഞാൻ തന്നെ കരഞ്ഞുപോകം.....

             പക്ഷെ സ്റ്റോക്ക് എക്സേഞ്ചിനെ ഓർത്തു കരയാതിരിക്കാൻ ബിസിനെസ്സ് ഡെയിലികളോട് പറയാൻ എനിക്കാവില്ലല്ലോ.... നാലു വർഷത്തെ ഏറ്റവും വലിയ താഴ്ച്ചയിലേക്ക് ഓഹരി വിപണി കൂപ്പുകുത്തുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാൻ (റിസർവ് ബാങ്കിനേയും ധനകാര്യ മന്ത്രാലയത്തെയും പോലെ )അവർക്കാവില്ല. അവരു കരയട്ടെ....സെൻസെക്സും നിഫ്റ്റിയും  റെക്കോർഡ് താഴ്ച്ചയിൽ, രാജ്യത്തെ ലിസ്റ്റെഡ് കമ്പനികളുടെ   ഓഹരി മൂല്യം 98500 കോടി രൂപയിലേക്ക് താഴ്ന്നു....ഇങ്ങനെ എണ്ണിയെണ്ണി പറഞ്ഞ് കരയട്ടെ...ഒരു ലക്ഷം കോടിയിലേറെ  ഓഹരി മൂല്യമുള്ള  14 വിപണികളിലൊന്നായിരുന്നു ഇന്ത്യയെന്നോർത്ത് അവരല്ലാതെ ഉന്നതങ്ങളിൽ നിന്നൊരു നിലവിളി ഉണ്ടാകുമെന്ന്  പോലും തോന്നുന്നില്ല.ഒരൊറ്റ ദിവസം കൊണ്ട് മാത്രം 700 കോടിയോളം രൂപയൊക്കെ ഒറ്റയടിക്ക് വിദേശധന കാര്യ സ്ഥാപനങ്ങൾ  പിൻവലിച്ചുകൊണ്ട് പോകമ്പോൾ "അയ്യോ അച്ഛാ കൊണ്ടുപോകല്ലേ  അയ്യോ അച്ഛാ കൊണ്ടുപോകല്ലേ" എന്ന് വിളിച്ചു കരഞ്ഞാൽ തന്നെ ആരു കേൾക്കാൻ????? 

           യൂറോപ്യൻ യൂണിയന്റെയും അമേരിക്കയുടെയും സാമ്പത്തിക ഉണർവ് ഏറ്റവും കൂടുതൽ ബാധിച്ചത് ദക്ഷിണാഫ്രിക്കയേയുംമറ്റു ഏഷ്യൻ രാജ്യങ്ങളേയുമാണെന്ന് ചിദമ്പരത്തെപ്പോലെ  അശ്വസിച്ചിരിക്കാൻ ഇനി നമുക്കാവില്ല. ഇന്ത്യൻ രൂപക്കേറ്റ ആഘാതം 13%ൽ എത്തിയതോടെ ദക്ഷിണാ ഫ്രിക്കൻ റാ ൻഡിനേക്കാൾ രൂപ തളർന്നു. എറ്റവും കൂടുതൽ അധിക ഭാരവും ഓഹരി വിപണിയിലെ കനത്ത നഷ്ടവും കാരണം എന്തു ചെയ്യണമെന്നറിയാതെ കരയുന്ന ബാങ്ക് ഓഹരികളുടെ വായിൽ വെച്ചു കൊടുക്കാൻ ഒരു അശ്വാസത്തിന്റെ പാൽ പാത്രവും റിസർവ് ബാങ്കിന്റെ കയ്യിലോ ചിദമ്പരത്തിന്റെ കയ്യിലോ ഇല്ല. കരച്ചിലടക്കാൻ പാടുപെടുന്ന ഓട്ടോമൊബൈൽ ഒഹരികൾക്ക് ബജാജിന്റെ അത്രയും നഷ്ടം തങ്ങൾക്ക് സംഭവിച്ചിട്ടില്ലല്ലോ  എന്നോർത്ത് ആശ്വസിക്കാൻ പറ്റുമോ??

         70 ൽ തൊടാൻ   വെമ്പി താഴേക്ക് പായുന്ന രൂപയെ കടിഞ്ഞാണിട്ട്പിടിച്ചു നിർത്താൻ എനിക്കറിയില്ലെങ്കിലും  CAD കുറച്ച് ഇതിനെ നിലക്കു നിർത്തണമെന്നൊക്കെ എനിക്കും അറിയാം.ഡീസൽ വില ഗണ്യമായുയർത്തി മാത്രം   CAD കുറയ്ക്കാനേ ഈ ധന മന്ത്രിക്കും RBI ഗവർണർക്കും അറിയൂ എങ്കിൽ ഒരു ധന മന്ത്രിയോ RBI  ഗവർണറോ ഒക്കെ ആകാനുള്ള യോഗ്യത  എനിക്കും ഇല്ലേ എന്നൊരു സംശയം...ഈ ആശ്വാസത്തിൽ  ഉള്ളിയെയും വിലക്കയറ്റത്തെയും ഒക്കെയോർത്തുള്ള   കരച്ചിൽ നിർത്തി  ആശ്വസിച്ചിരിക്കുകയാണ് ഞാൻ !!!  
                     1991 ലെ പ്പോലെ  IMF നു മുൻപിൽ നമ്മുടെ സ്വർണ്ണം പണയം വെച്ച് കടം വീട്ടേണ്ട നിവൃത്തികേടൊന്നും  ഇന്ത്യക്കില്ലെന്ന് ആവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും മൻമോഹനും ചിദംബരവും ഉള്ളിക്ക് വേണ്ടി കരയുന്നില്ലെങ്കിലും ഉള്ളിൽ കരയുന്നുണ്ടാവും......

2013 ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

THEY AD IT AGAIN...

    പ്രചരിപ്പിച്ചാൽ  പോരേ അപമാനിക്കണോ ???


        "പാർത്ഥ സാം  നിജയാം വാർന്നൊഴിഞ്ഞിട്ട്  സേതുബന്ധനോദ്യോഗ മെന്തെടോ "
  
      പച്ചയും കത്തിയും താടിയും മിനുക്കും ചേർന്ന്‌ അരങ്ങുകളിൽ നളചരിതം നിറഞ്ഞാടുമ്പോൾ കേരളീയർ ഇത്  കണ്ടത്  ആവേശത്തോടെ മാത്രമായിരുന്നില്ല ...അരങ്ങിൽ തെളിഞ്ഞു കത്തുന്ന ആട്ടവിളക്കിന്റെ വെളിച്ചത്തിൽ ക്കാണുന്ന  നളനെയും ദമയന്തിയെയും ഇന്ദ്രാദിദേവകളെയും  അവർ കണ്ടത് ഭയഭക്തി ബഹുമാനങ്ങളോടും കൂടിയായിരുന്നു. സാംസ്‌കാരിക കേരളത്തിന്റെ തനതു കലയാണു കഥകളി. കേരള സംസ്കാരത്തിന്റെ, തനിമയുടെ, പാരമ്പര്യത്തിന്റെ, പുരാണങ്ങളുടെ എല്ലാം ആവിഷ്കാരം. ഈ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകമാണ്  യൂറ്റ്യൂബിലൂടെയും   ടി. വി. സ്ക്രീനുകളിലൂടെയും, തെരുവിൽ അശ്ലീലച്ചുവയുള്ള  അംഗവിക്ഷേപങ്ങളിലൂടെ  വെസ്റ്റേണ്‍ ചുവയുള്ള ഫാസ്റ്റ് സംഗീതത്തിന്റെ ഈണത്തിനൊപ്പം ചുവടുവെക്കുന്നത്, നാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അതും അതും നന്മയുടെ പ്രതീകമായി നാം മനസ്സിൽ പ്രതിഷ്ടിച്ച   രാമ,അർജ്ജുന, നള, ഭീമ, പ്രഹ്ലാദാദികൾ  എത്തുന്ന പച്ചവേഷം ധരിച്ചു, റോഡരികിൽ നിൽക്കുന്ന മോഡേണ്‍ പെണ്‍കുട്ടിയുടെ മുൻപിൽ തിമർത്തു,  മദിച്ചാടുന്ന ഒരു പച്ചവേഷം!
              എന്തനീതിക്കും  അക്രമത്തിനുമെതിരെ പൊരുതുന്ന കേരളയുവത്വത്തിന്റെ  രക്തം ആദ്യ ദിവസങ്ങളിൽ ട്വിട്ടറിലും  ഫെയിസ്ബുക്കിലും  തിളച്ചു. കമന്റുകളും, ലൈക്കുകളും, മെൻഷനുകളും, ഫേവുകളും , റിട്വീട്ടുകളും  കിട്ടിയപ്പോൾ യുവത്വത്തിനു സന്തോഷമായി.അവർക്ക് വേണ്ടത് കേരള സംസ്കാരത്തിൻ മേലേറ്റ  ഈ അപമാനം മാറ്റുക എന്നതിലുപരി തന്റെ പ്രതിഷേധ കൊടുംകാറ്റിനുലഭിച്ച കമന്റുകളും മെൻഷനുകളുംആയിരുന്നല്ലോ..
       പ്രതിഷേധിക്കാൻ പുതിയ അഴിമതിക്കഥകളും അമ്മയെ "ഓണ്‍ലൈൻ" ആയി സ്നേഹിക്കാൻ മാതൃദിനവും രാഷ്ട്രത്തെ  "വെബിൽ " സ്നേഹിക്കാൻ സ്വാതന്ത്ര്യദിനവും എത്തിയപ്പോൾ അവരുടെ പ്രതിഷേധ, സ്നേഹ കൊടുംകാറ്റുകൾ ആ വഴിയെ തിരിഞ്ഞുപോയി.  കഥകളിക്കേറ്റ  അപമാനം അവിടെ പൂർവാധികം ശക്തിയോടെ സ്ക്രീനിൽ നിറഞ്ഞാടുകയും ചെയ്തു.പ്രതിഷേധക്കാരുടെ  പ്രതിഷേധ കൊടുംകാറ്റിന്റെ  ലിങ്കുകളിലൂടെ കൂടുതൽ പ്രചാരവും കൂടുതൽ ഹിറ്റുകളും നേടി  പരസ്യം പെട്ടന്ന് സൂപ്പർ ഹിറ്റായി.സൂപ്പർ ബൗൾ പ്ലാറ്റ്ഫോമിൽ ഉത്പന്നത്തിന്റെ  ബ്രാൻഡിങ്ങ് വീണ്ടും വർദ്ധിക്കുകയും ചെയ്തു. -ഇത് ഒരു കഥ ....

             അടുത്ത കഥ ഇന്ത്യ ഒട്ടാകെ "റീച്ച്" ഉള്ളതാണ്. ഇറ്റാലിയൻ നാവികരുടെ വോട്ടുചെയ്യാനുള്ള തിരിച്ചുപോക്ക് കേന്ദ്ര സർക്കാരിനു സൃഷ്ട്ടിച്ച തലവേദന അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരസ്യ ഏജൻസിയായ JWT യുടെ ഇന്ത്യൻ ശാഖ JWT  INDIA ഒരു ചൂടൻ പരസ്യം ചെയ്തു. ഫോർഡിന്റെ ജനകീയ മോഡലായ ഫോർഡ് ഫിഗോ യുടെപ്രചാരത്തിനു വേണ്ടി പാരീസ് ഹിൽട്ടൻ ഉൾപ്പെടെയുള്ള അർദ്ധനഗ്നരായ  തരുണീമണികളെ ഡിക്കിയിൽ  നിറച്ച് ചുണ്ടത്ത് ഒരു വഷളൻ ചിരിയുമായി പാഞ്ഞുപോകുന്ന  ഇറ്റാലിയൻ മുൻ പ്രസിഡന്റ് സിൽവിയോ ബെർലുസ്കോണി!!! 
    ആഗോള തലത്തിലേക്ക് പ്രതിഷേധം അണപൊട്ടുന്നതിനു മുന്പ് പക്ഷെ ഈ പരസ്യം യൂട്യൂബിൽ നിന്നും ടി.വി.. സ്ക്രീനിൽ നിന്നും  അപ്രത്യക്ഷമായി.താടിയുള്ള അച്ഛനെ പേടിക്കാതെ പറ്റില്ലല്ലൊ...
     
   ഇനി ഒരു പുതിയ പരസ്യം-വിപണിയിൽ ലഭ്യമായ മറ്റു പേസ്റ്റുകളെക്കാൾ അഞ്ചു മടങ്ങ്‌ ഫലപ്രദമാണ് തങ്ങളുടെ പേസ്റ്റ് എന്നു കാണിക്കാനായി തങ്ങളുടെ മുഖ്യ എതിരാളിയായ കോൾഗേറ്റിന്റെ  പേസ്റ്റ് വച്ചാണ് പെപ്സൊഡെന്റ്  പുതിയ പരസ്യം ചെയ്തത്.താരതമ്യം പരസ്യത്തിൽ പുതിയ കാര്യമൊന്നുമല്ലെങ്കിലും  വേറൊരു പ്രൊഡക്റ്റിനെ നേരിട്ട് അപമനിച്ചിട്ട് വേണോ ഈ താരതമ്യം??? 
  
        ഇതാണോ ക്രിയാത്മകത??പത്രങ്ങളും വാർത്താ ചാനലുകളും ചെയ്യുന്നതു പോലെ വിവാദമുണ്ടാക്കി,അശ്ലീലം കലർത്തി,ഊതി വീർപ്പിച്ച്  പ്രേഷകരെ ആകർഷിക്കുന്ന അധാർമികതയുടെ  കച്ചവടം മാത്രമായിരിക്കുകയാണ് ഇന്നത്തെ പരസ്യ വിപണി. വ്യത്യസ്ഥമായ ഗുണഗണങ്ങളുള്ള  തങ്ങൾ നിർമിക്കുന്ന  ഉത്പന്നങ്ങൾ   ഉപഭോക്താക്കളെ അറിയിക്കേണ്ടത് അവരുടെ ധാര്മിക ഉത്തരവാദിത്തം തന്നെയാണ്. ഇവ അറിയേണ്ടത് ഉപഭോക്താക്കളുടെ മൗലീക അവകാശവും.പക്ഷെ ........


"പ്രചരിപ്പിച്ചാൽ പോരേ ഇങ്ങനെ അപമാനിക്കണോ ???"

2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

          രണ്ടു  പ്രമുഖർ  പടിയിറങ്ങുമ്പോൾ..... 

           
           രണ്ടുപേർ  പടി യിറങ്ങുകയാണ്... ലോകത്തിലെ രണ്ടു വലിയ താക്കോൽ സ്ഥാനങ്ങളിൽ നിന്ന്. 
        
   അമേരിക്കൻ ഫെഡറൽ  റിസർവ്‌  ചെയർമാൻ ബെൻ ബെർണാങ്കെയും  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ഗവർണർ ഡി. സുബ്ബറാവുവും. 

     2008 സെപ്റ്റംബെർ 5 ന് 22 ആം  റിസവ് ബാങ്ക് ഗവർണറായി

വേണുഗോപാൽ റെഡ്ഡിക്കു ശേഷം മിന്റ് സ്ട്രീറ്റിലെത്തിയതാണ്  ആന്ധ്രാക്കാരനായ  ഡി. സുബ്ബറാവു. 5 വർഷത്തെ സംഭവ ബഹുലമായ ഔദ്യോഗിക ജീവിതം അവസാനിപ്പിച് മിന്റ് സ്ട്രീ റ്റിന്റെ  താക്കോൽ റാവു ഓഗസ്റ്റ് 4 ന് രഘുറാം രാജന് കൈമാറും. 

       ആഗോള സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സാമ്പത്തിക ചക്രം തിരിക്കുന്നയാൾ - ലോകത്തിലെ ഏറ്റവും ശക്തരയ ആളുകളുടെ, ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ ആറാം സ്ഥാനത്താണ്  ബെൻ ബെർണാങ്കെ എന്ന ബെൻ ശാലോം  ബെണാങ്കെയുടെ സ്ഥാനം. അമേരിക്കൻ പ്രസി ഡന്റ്  ഒബാമ ഒന്നാം സ്ഥാനത്തായ ഈ പട്ടികയിൽ ബ്രിട്ടീഷ്‌ പ്രധാന മന്ത്രിക്ക് 10 ഉം നമ്മുടെ സോണിയ ഗാന്ധിക്ക് 12 ഉം യു.എൻ. സെക്രട്ടറി ജെനറലിനു  33 ഉം ഫെയ്സ് ബുക്ക്‌ സ്ഥാപകൻ മാർക്ക് സുക്കർ ബെർഗിനു 25 ഉം സ്ഥാനമുള്ള പ്പോഴാണ് ബെർണാങ്കെക്ക് ഈ ആറാം സ്ഥാനം. 
    
  അലൻ ഗ്രീൻ സ്പാനു ശേഷം 2006 ൽ ജോര്ജ്ജ്  ബുഷാണ് ബെർണാങ്കെയെ ഫെഡ് തലവനായി നിയമിക്കുന്നത്. വീണ്ടും 2010 ൽ ഫെഡ് ചെയർമാനായി  ബെർണാങ്കയെ നിയമിച്ചുകൊണ്ട്  ഒബാമ ലോകത്തോട് ഇങ്ങനെ പറഞ്ഞു  "ഈ മനുഷ്യന്റെ കഴിവുകളും ധൈര്യവും ക്രിയാത്മകതയുമാണ്  അമേരിക്ക നേരിട്ട വലിയ സാമ്പത്തിക പ്രതിസന്ധിയിൽ  നിന്ന് അമേരിക്കയെ കര കയറാൻ സഹായിച്ചത്".  ഫോബ്സിന്റെ  ശക്തരിൽ  ശക്തരായവരുടെ  പട്ടികയുടെ  ആദ്യ നിരയിൽ തന്നെ ബെർണാങ്കയെ ഉൾപെടുത്തിയില്ലെങ്കിലല്ലേ  അതിശയിക്കാനുള്ളു!!!!

     ഈ ജനുവരിയിൽ ബെർണാങ്കെയുടെ  കാലാവധിയും കഴിയുകയാണ്. ഗ്രീൻ സ്പാനിനേക്കാളും ഫെഡ് പോളിസികളെ സുതാര്യമാക്കിയ , അമേരിക്കയെത്തന്നേ  തകർത്തു കളഞ്ഞേക്കാമായിരുന്ന  ഗ്രേറ്റ്‌ ഡിപ്രഷനിൽ നിന്നും അമേരിക്കയെ രക്ഷിച്ച ബെർണാങ്കെക്ക് ശേഷം ഈ താക്കോൽ സ്ഥാനത്തേക്ക് വരുന്നത് അരെന്ന് പക്ഷെ   ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോകത്തിലെ പ്രമുഖ ഫിനാൻഷ്യൽ പ്രസ്സുകളെല്ലാം ഈ സ്ഥാനത്തേക്ക് വരാൻ പോകുന്നവരുടെ സാധ്യതാ പട്ടികകൾ വിറ്റ് കശാക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. 

   സുബ്ബറാവു   മിന്റ് സ്ട്രീറ്റിന്റെ  പടികൾ കയറുമ്പോൾ താരതമ്യേന സുരക്ഷിതമായ ഒരു  സാമ്പത്തിക സ്ഥിതിയായിരുന്നു  ഇന്ത്യക്ക്. പക്ഷെ ആ സമയത്ത് അമേരിക്ക, ബാങ്കിംഗ് മേഖല പൂർണമായി തകർന്ന് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ  കടന്നു പോകുകയുമായിരുന്നു.  പക്ഷെ ആ പ്രതിസന്ധി ഇന്ത്യയെ തെല്ലും ബാധിച്ചില്ല. ( മുൻപേ നടന്ന പല സാമ്പത്തിക വിദഗ്ദരുടേയും തോളിൽ ചവിട്ടി നിന്നാണെങ്കിലും പ്രതിസന്ധിയിൽ അകപ്പെടാതെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ സുബ്ബറാവുവിനു കഴിഞ്ഞു. പക്ഷെ ഇന്നോ????? അമേരിക്കാൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. എല്ലാ പ്രതിസന്ധികളിൽ  നിന്നും അമേരിക്ക  കരകയറി. ഇന്ത്യയോ,,,,, രൂപ തളന്ന്, കറന്റ് അക്കൌന്റ് കമ്മി വളരെ ഉയർന്ന് ഇതുവരെ അനുഭവിക്കാത്ത വലിയ പ്രതിസന്ധിയുടെ ഒത്ത നടുക്കും. 

            അമേരിക്കാൻ സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി കാണാൻ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വലിയ ക്രെഡിറ്റായി  ബെർണാങ്കെക്ക് പറയാം. ആ വലിയ പ്രതിസന്ധിയിൽ നിന്നും അമേരിക്കയെ രക്ഷിച്ച് സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കിയാണ്  ബെർണാങ്കെ ഇപ്പോൾ പടിയിറങ്ങാൻ ഒരുങ്ങുന്നത്. താരതമ്യേന സുരക്ഷിതമായിരുന്ന സാമ്പത്തിക സ്ഥിയിൽ നിന്നും, ഒന്നിന്റെ പരിഹാരം മറ്റൊരു പ്രശ്നത്തിലേക്ക് വഴിവെക്കുന്ന അതീവ ഗുരുതരമായ ഒരു ഊരാക്കുടുക്കിൽ പെട്ട് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ കിതക്കുമ്പോഴാണ്  പക്ഷെ സുബ്ബറാവു പടിയിറങ്ങുന്നത്. 

    പലിശ  കുറക്കാതെയും പണ ലഭ്യത കുറച്ചും രൂപയെ രക്ഷിക്കാൻ പാടുപെടുകയായിരുന്നു  സുബ്ബറാവു. ഇത് താല്ക്കാലിക ആശ്വാസം നല്കിയെങ്കിലും രൂപയുടെ മൂല്യം   വീണ്ടും തകർന്ന് ഡോളറിനെതിരെ 62 ന്റെ വക്കോളമെത്തുകയാണ് ഉണ്ടായത്.  ഇത്തരം നടപടികൾ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും വാൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും ചിദംബരം ആവർത്തിച്ചാവർത്തിച്ചു പറഞ്ഞെങ്കിലും  മറ്റു നടപടികളൊന്നും സ്വീകരിക്കാൻ റിസർവ് ബാങ്കിനു  ഇപ്പോൾ നിർവാഹമില്ല. 

  അമേരിക്കൻ സാമ്പത്തിക മേഖല ശക്തിപ്പെട്ടതിന്റെ ഫലമായി അവർ വികസ്വര രാജ്യങ്ങളിൽ നിക്ഷേപിച്ച  പണം ഡോളർ ആയി പിൻവലിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ രൂപ കൂടുതൽ തളരുന്നത്. കൻ ന്സിയുടെ ഈ തളർച്ച  ബ്രസീലിനെയും സൗത്ത് ആഫ്രിക്കയെയും  മറ്റ് രാജ്യങ്ങളേയും ബാധിച്ചതുപോലെ ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന്  പറഞ്ഞ്‌ ചിദംബരത്തെപ്പോലെ  ആശ്വസിക്കാൻ സുബ്ബറാവുവിനാകുമായിരുന്നില്ല.  ഒക്ടോബറിൽ  റിസർവ് ബാങ്കും ധനകാര്യ മന്ത്രാലയവും ഒരേ ദിശയിൽ മുന്നോട്ട് പോകുമെന്നു പറഞ്ഞ ചിദംബരം  2013 ൽ  ധനകാര്യ മന്ത്രാലയത്തിനു തന്നെയും മുന്നോട്ടു പോകാൻ കഴിയുമെന്ന് പറഞ്ഞതിൽ  പല ദുസൂചനകളും ഉണ്ടായിരുന്നു.

           ഇത്തരം ഒരു പ്രതിസന്ധിയിലേക്കാ ണ്  രഘു റാം രാജൻ ഇനി കാലെടുത്തുവക്കേണ്ടത്. രൂപയുടെ രക്ഷക്കായും സാമ്പത്തിക - വ്യാവസായിക വളർച്ചക്കായും  ഒരേ പോലെ പരിശ്രമിക്കാൻ കഴിഞ്ഞാലേ ഈ പ്രതിസന്ധികൾ   പരിഹരിക്കാനാകൂ...ഇപ്പോൾ അധികം പ്രതിസന്ധികൾ ഇല്ലെങ്കിലും  ലോക    സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സാമ്പത്തിക ചക്രം തിരിക്കണമെങ്കിൽ അസാമാന്യ കഴിവുകൾ ഉണ്ടായേ മതിയാകൂ-ബെർണാങ്കെക്ക് ശേഷം വരുന്നത് ആരായാലും ..              
     

2013 ജൂലൈ 30, ചൊവ്വാഴ്ച

നാളെ ..... 

    
        നാളെത്തെ  ദിവസത്തിനു വേണ്ടി കാത്തിരിക്കാൻ എനിക്ക് രണ്ടു കാരണങ്ങൾ ......  വലിയ കാരണങ്ങളൊന്നുമല്ല എങ്കിലും .... 
    
       ഒന്ന്..... 
            ഈ സാമ്പത്തിക വർഷത്തിലെ  ഒന്നാം പാദ അവലോകനയോഗം നാളെ നടക്കാൻ പോകുന്നു.- Macro Economic Monetary  Development,  First  Quarter  Review - . 
         6 % ഇൽ  നിന്നും  5.75% കുറയുന്ന വളർച്ചാനിരക്കിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ചിദംബരം അവശ്യപ്പെട്ടാലും  രൂപയുടെ താഴേക്കുള്ള  പ്രയാണം പിടിച്ചുനിർത്തി, Stable ആക്കുന്നതിനാകും Growth നേക്കാൾ സുബ്ബറാവു കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.  
         
    ചിദംബരവും CORPORATE കളും അവശ്യപ്പെടുന്നത് പോ,ലെ RBI പലിശ നിരക്ക് കുറയ്ക്കുമോ?  
   പലിശ നിരക്കു കുറച്ചാൽ അത് വിദേശ നാണയ ഒഴുക്കിനെ പ്രതികൂലമായി ബാധിച്ച് വിദേശ നാണയ പ്രതിസന്ധി വീണ്ടും രൂക്ഷമാക്കാം. പലിശ നിരക്ക് കുറഞ്ഞാൽ ബാങ്കുകളിൽ നിന്നും ആളുകൾ കൂടുതൽ വായ്പകൾ എടുക്കുകയും പണ ലഭ്യത കൂടി വിലക്കയറ്റവും രൂക്ഷമാകാം.  
  ഈ രണ്ടു കാരണവും മുന്നിൽ കണ്ട് RBI  അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താനിടയില്ല ...... 
   എന്താണെങ്കിലും നാളെ അറിയാം.  
  രൂപ തളരുകയും, മാന്ദ്യവും വിലക്കയറ്റവും ഒരുമിച്ചു വരികയും ചെയ്ത ഈ സാഹചര്യത്തി ൽ RBI  എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാൻ ഒരു ആകാംക്ഷ ....
രണ്ട്... 
   ഇത് ഒരു ചെറിയ കാര്യം... 
നാളെ ബുധൻ.... Economic Times നൊപ്പം BRAND  EQUITY വരുന്ന ദിവസം......  
         
   

2013 ജൂലൈ 29, തിങ്കളാഴ്‌ച

'മഞ്ജു'വിന്റെ  പരസ്യം  


    പ്രശസ്ത സംവിധായകർ വിഖ്യാത നടീനടന്മാരെ വച്ചു, വളരെ നീണ്ട ഇടവേളയ്ക്കു ശേഷം ഒരു സിനിമ ചെയ്യുമ്പോൾ  ആരാധകർ  ആരാധനയോടെ   അതിനായി   കാത്തിരിക്കാറുണ്ട്, റിലീസിംഗ്  ഡേറ്റിനുവേണ്ടി . താരങ്ങളുടെ  അഭിമുഖങ്ങളും സംവിധായന്റെ പ്രസ്സ് കൊണ്‍ഫറന്സുകളും  പിന്നെ ട്രെയ് ല റുകളും  ആ സിനിമകൾക്ക്‌ മുൻപേ എത്തി അതിനായി കാത്തിരിക്കാൻ ഒരു അന്തരീക്ഷം ഒരുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ 'എയർ ക്രിയെഷനും'  പ്രമോഷനും ഏതെങ്കിലും ഒരു പ്രോടക്ടിനെ  പ്രേമോട്ടു ചെയ്യാനുള്ള പരസ്യത്തിനു മുൻപേ ഉണ്ടായാലോ?  അതായത് ഒരു പരസ്യത്തിന്റെ റിലീസിങ്ങിനു  വേണ്ടി  ഒരു രാജ്യം മുഴുവൻ കാത്തിരിക്കുന്നു !!!!! വെറുമൊരു 30 സെക്കണ്ടിനു വേണ്ടി !!!! 
            ചാനൽ മാറാൻ നിർവാഹമില്ലാത്തപ്പൊഴൊ, നെറ്റിൽ സർഫു ചെയ്യുമ്പോൾ  അനുവാദം ചോദിക്കാതെയോ  സ്ക്രീനിലെക്കോടി എത്തുന്ന 'പോപ്‌ അ'പ് /' പോപ്‌ ഡൌണ്‍' കളിലൂടെയോ,  -ഈ ശല്യം പരസ്യം- എന്ന മെന്റാലിറ്റിയോടെ   മാത്രം പരസ്യങ്ങൾ കണ്ടിരുന്ന മലയാളികൾ ഒന്നാകെ ഇപ്പോൾ കാത്തിരിക്കുന്നു -ഒരു പരസ്യത്തിന്റെ  റിലീസിങ്ങിനു വേണ്ടി .  കോടികൾ വാങ്ങി മാത്രം പരസ്യങ്ങൾക്ക്' ടൈമും സ്പയ്സും' വിൽക്കുന്ന മാധ്യമങ്ങൾ പോലും കാത്തിരിക്കുന്നു, ഈ പരസ്യത്തിനു വേണ്ടി . ഇത് ഷൂട്ട്‌ ചെയ്യുന്നതും എഡിറ്റു ചെയ്യുന്നതുമെല്ലാം വാർത്തയാകുന്നു. ഈ പരസ്യം തങ്ങളുടെ ചാനലിന്റെ റേറ്റിംഗ് കൂട്ടുമെന്നുപൊലും പ്രാതീഷിക്കുന്നുണ്ടാകാം ചില മാധ്യമങ്ങൾ . 
     ഇങ്ങനെ , ഒരു പരസ്യത്തെ ഇറങ്ങുന്നതിനു മുൻപേ വിജയിപ്പിക്കാൻ കഴിഞ്ഞെങ്കിൽ  അത് ഒരു പരസ്യ സംവിധായകന്റെ കഴിവാണ് , അദേഹ ത്തിന്റെ  ക്രിയേറ്റിവിറ്റി യാണ് , അതിലെല്ലാമുപരി അദേഹത്തിന്റെ കാസ്റ്റിങ്ങ് മികവാണ്. വിശ്വാസം അതല്ലേ എല്ലാം എന്നാ ഒരൊറ്റ ടാഗ് ലൈൻ  കൊണ്ട് സ്വർണാഭരണങ്ങൾ  ഒന്നും പ്രദർശിപ്പിക്കാതെ സ്വർണ പരസ്യ രംഗത്തെ മാറ്റി  മറിച്ച  ശ്രീകുമാർ മേനോൻ മാജിക് ഇത്തവണ പക്ഷെ പ്രതിഫലിച്ചത്  ക്രിയേറ്റിവിറ്റി യേക്കാൾ അധികം കാസ്റ്റിങ്ങ് മികവിലാണ് . 18 വര്ഷത്തിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി മഞ്ജു വാര്യരെ  വീണ്ടും വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞത്  ഈ പരസ്യ സംവിധായകനു മാത്രമാണ്.  മഞ്ജുവിന്റെ  പരസ്യമെന്നൊ, മഞ്ജു ചെയ്യുന്ന പരസ്യമെന്നൊ വരൻ പോകുന്ന കല്യാണ്‍ പരസ്യത്തെ നമുക്ക് വിളിക്കാമെങ്കിലും  പരസ്യം ക്ലിക്ക് ആകുമെന്നതിൽ സംശയമില്ല .  ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനെ പോലും തന്റെ ആശയ സമ്പുഷ്ടമായ പരസ്യങ്ങൾ കൊണ്ട് തന്റെ ക്യാമറാ ഫ്രെയിമിൽ എത്തിക്കാൻ കഴിഞ്ഞു ഈ മലയാളിക്ക് . എല്ലാ പ്രമുഖ ഇന്ത്യൻ താരങ്ങളേയും ഐശ്വര്യ യേയും  സുസ്മിതയേയും എല്ലാം വച്ചു പരസ്യങ്ങൾ ചെയ്ത പുഷ് കമ്യൂ ണിക്കെഷനിലൂടെയുള്ള  തിരിച്ചു വരവ് മഞ്ജുവിനും വഴിത്തിരിവാകും .

2013 ജൂലൈ 13, ശനിയാഴ്‌ച

THE POWER OF A TAGLINE 

"Eat Healthy Think Better" aka" Swasth Khao Tanman Jagao" - this is the  tagline of BRITANNIA conceived of in 1997 by the former BRITANNIA managing director and CEO Sunil Alagh. It is the wording which makes a mere Biscuit Company to a Food Company which included bread,cakes, cheese and milk, and gained its total revenue 4974.19 crore at the close of the financial year 2012.It is the power of a sentence , made up of four simple words could make three fold increase in its annual turnover , made the brand stable for decades and could gain 55% share in their categories in the market. Their strategical and creative management already knew the Indian psyche, that is "a healthy stomach leads to a better thinking'. a fabulous slogan,it is a selling idea or a reminder ad and a marketing strategy  within itself. There is another tagline which could CHANGE the entire LIFE since last 6 years. IDEA Cellular Limited gained more popularity through this catchy wording -An Idea Can Change Your Life
       The world's no.1 cosmetic and beauty products company L'OREAL made their slogan Because I Am Worth It. Company showcased a pride women who uses L'OREAL products,from the feeling Because I Am Worth It. But the creative head of the company soon realized that this tagline is not sufficient to flag "all women ", and they changed the tagline as Because You Are Worth It-by considering all women.
                 There are some other companies sell their products or create a niche in the minds of their consumers through the power of  'words' or 'taglines'. Kit Kat's punchline tends us to Take A KIT KAT Break or Take A Break To Have a KIT KAT, we Obey our Thirst through Sprite. Sometimes a tagline tries to give a solution, like JOHNSON'S Baby Products says "NO MORE TEARS" in the eyes of your baby. 
                when you are in shopping mall, confused with the choice of variety of products of same category, did you ever feel 'a wording or a tagline' that leads you to take a buying decision??? YES!!!!!!!!  this is the magical POWER OF A TAGLINE- the magic that "some words" bring crores to a corporate company. 

2013 ജൂലൈ 10, ബുധനാഴ്‌ച

എല്ലാ സ്റ്റീവ് ജോബ്സിനും തുല്യവും 

വിപരീതവുമായ ഒരു  കെന്നത്ത്  ലേ ഉണ്ട്.... 

 ബൂമ റാങ്ങ്    സി. ഇ . ഓമാർ  എപ്പോഴും  ഫലം  തരണമെന്നില്ല . എല്ലാ സ്റ്റീവ്  ജോബ്സുമാർക്കും  തുല്യമായ  ഒരു  കെന്നത്ത് ലേ  ഉണ്ടായേ  തീരൂ. അതാണ്  കോർപറേറ്റ്   മേഖലയിലെ  പ്രഥാന  നിയമം .എല്ലാ  കമ്പനികൾക്കും ഒരു  വീഴ്ച്ച യുണ്ടായെ  മതിയാകൂ . എന്നാൽ  മാത്രമേ  സാച്ചുറേഷൻ  മുരടിപ്പിനെ  മറികടന്ന്  അതിശക്തമായ ഒരു  തിരിച്ചുവരവു  നടത്താൻ  സാധിക്കൂ . 
         
         ലോകം കണ്ടതിൽ  വച്ച്  ഏറ്റവും  ശക്തനായ സി.ഇ.ഒ  ആയിരുന്നു , സ്റ്റീവ് ജോബ്സ് . എന്നാൽ  കെന്നത്ത്  ലേയെപ്പോലെയുള്ള  സി.ഇ.ഓ. മാരും ലോകത്തുണ്ട് . എൻ റോണ്‍  കോർ പറേഷന്റെ  സി.ഇ.ഓ. ആയിരുന്ന അദ്ദേഹം നടത്തിയ  വൻ  അഴിമതികൾ  കമ്പനിയുടെ  തകർച്ചക്ക് തന്നെ  കാരണമായി. ലേ യും  എൻ ൻ റോണും  അങ്ങനെ  കോർ പറേറ്റ്   ദുരുപയോ ഗത്തിന്റെ   പര്യായ  പദങ്ങളുമായി . 
             ഇതുപോലെ ഇപ്പോൾ  ഒരു വലിയ തിരിച്ചുവരവുനടത്തി യിരിക്കുകയാണ്    നാരായണ  മൂർത്തിയിലൂടെ    ഇൻഫോസിസ് .  സ്റ്റീവ് ജോബ്സിനും  അപ്പിളിലേക്ക്  ഇങ്ങനെ ഒരു തിരിച്ചു വരവുണ്ടായിട്ടുണ്ട് . അതു ലോകം കണ്ട ഏറ്റവും വലിയ നേട്ടവും തിരിച്ചുവരവുമായിരുന്നു.  സ്റ്റീവിന്റെ  തിരിച്ചുവരവ് നാൽപ്പത്തി ഒന്നാം  വയസിലായിരുന്നെങ്കിൽ  മൂർത്തിയുടെ  തിരിച്ചുവരവ്‌  പക്ഷേ  അറുപത്തി യേഴാം   വയസ്സിലാണ് . ഹോവാർഡ്  ഷെൽറ്റ്സിന്റെ  സ്റ്റാർ  ബക്ക്സിലേക്കുള്ള   തിരിച്ചുവരവും   മൈക്കിൾ  ഡെല്ലിന്റെ  ഡെല്ലിലേക്കുള്ള   തിരിച്ചുവരവും   ലാറി  പേജ്   വീണ്ടും  ഗൂഗിളിലേക്ക്‌  വന്നതുമെല്ലാം  ഈ   മേഖലയിലെ  പുനരുദ്ധാരണ  വിജയങ്ങളുടെ  വലിയ ഉദ്ദാഹരണാങ്ങളാണ് .  ഇൻഫോസിസും  അധികം   വൈകാതെ   ഈ   നിരയിൽ  സ്ഥാനം   പിടിക്കും .  മൂർത്തി  തിരിച്ചുവന്ന   അന്നുതന്നെ  ഓഹരി  വിപണിയിൽ   ഇൻഫോസിസിന്റെ   ഓഹരി  വിലയിലുണ്ടായ   4 ശതമാനം  വർദ്ധന   ഇതിന്റെ   തെളിവാണ്‌ .  ഒറ്റയടിക്ക്‌   ശമ്പളം   8 ശതമാനം  വർദ്ധിപ്പിച്ച   തൊഴിൽ  ദാദാവി നോട്‌    വിശ്വസ്ത രല്ലാതാവാൻ   ജീവനക്കാർക്കും   കഴിയില്ലല്ലോ .....              

                                               പിങ്ക് ബെർഗ് .....

                                                        


                     എന്റെ  ഏറ്റവും വലിയ സ്വപ്നങ്ങളിൽ  ഒന്നാണ്‌ ബ്ലൂംബെർഗിൽ  ജോലി  ചെയ്യുക എന്നത് . അതുകൊണ്ടുതന്നെ  എന്റെ  ബ്ലോഗ്ഗിന്  ഞാൻ  ഈ  പേരിടുന്നു . പിങ്ക് എന്നാൽ ബിസ്സിനെസ്സ്  എന്നൊരു  അർത്ഥം   കൂടിയുണ്ട്. ഇക്ണോമിക് ടൈംസ്‌ പോലുള്ള ബിസ്സിനെസ്സ്  ഡെയിലി കൾക്കൊക്കെ സാൽമണ്‍ പിങ്ക് നിറം വന്നത് ഇതുകൊണ്ടാണ് .......എന്റെ പേരിനോട്  ചേർന്ന് നിൽക്കുന്ന പിങ്കും  പിന്നെ ബ്ലൂംബെർഗിലെ  ബെർഗും ചേർന്ന്‌ ......... 

പിങ്ക് ബെർഗ്......